തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെവി കോംപ്ലക്‌സിലെ മിട്രെഡ്‌സ് എന്ന ഷോപ്പില്‍ നിന്നുണ്ടായ ചെറിയ തീപിടിത്തം നിമിഷങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. വൈകിട്ട് 4.55 നാണ് തീപിടിത്തം തുടങ്ങിയതെങ്കിലും ഏറെ വൈകിയാണ് കരിമ്പത്തെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അഗ്നിശമനസേന എത്തിയതെന്ന് ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി.കോംപ്ലക്‌സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ മുപ്പതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു.
കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി ജില്ലയിലെയും അയല്‍ ജില്ലകളിലെയും അഗ്നിശമന നിലയങ്ങളില്‍ നിന്നും നിരവധി യൂണിറ്റുകള്‍ തീയണക്കാനായി തളിപ്പറമ്പില്‍ എത്തി. പ്രാഥമിക കണക്ക്പ്രകാരം പത്തുകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫയര്‍ ഫോഴ്‌സിന്റെ നിഗമനം. തീ നിയന്ത്രണവിധേയമായാല്‍ മാത്രമേ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ. തളിപ്പറമ്പ് നഗരത്തിലെ പ്രധാനവ്യാപാര സമുച്ചയമായ കെ.വി.കോംപ്ലക്‌സില്‍ ചെറുതും വലുതുമായ അന്‍പതിലേറെ കടകളും ഓഫീസുകളും ജ്വല്ലറികളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
തളിപ്പറമ്പ്‌നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, അള്ളാംകുളം മഹമ്മൂദ്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, സി.പി.എം നേതാവ് കെ.സന്തോഷ്, എ.പി.ഗംഗാധന്‍ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
