ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ മുരാരി ബാബുവില്‍ നിന്ന് രാജി എഴുതിവാങ്ങി എൻഎസ്‌എസ് നേതൃത്വം.
എൻഎസ്‌എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് ആയിരുന്നു മുരാരി ബാബു. നിലവില്‍ ഡെപ്യൂട്ടി കമ്മിഷണറും മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആവശ്യപ്രകാരം രാജി എഴുതിവാങ്ങിയത്. ഞായറാഴ്‌ച കരയോഗം ഇത് അംഗീകരിച്ചു.
ശബരിമലയിലെ കൊള്ളയുടെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി എഴുതിവാങ്ങിയത്. സ്വർണംപൂശിയിരുന്ന ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്ബ് തകിടെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്നാണ് മുരാരി ബാബുവിനെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. നിലവില്‍ കേസില്‍ മുഖ്യപ്രതിയായ വിവാദ സ്‌പോണ്‍സർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നു. ഇദ്ദേഹത്തിന്റെ വാദം റാന്നി കോടതിയില്‍ അടച്ചിട്ട മുറിയില്‍ നടന്നു. പോറ്റിയെ വിശദമായ ചോദ്യംചെയ്യലിനായി എസ്‌ഐടി ഒക്‌ടോബർ 30 വരെ കസ്റ്റഡിയില്‍ വിട്ടു. മുരാരി ബാബുവിനെ അടുത്തതായി ചോദ്യം ചെയ്യാൻ സാദ്ധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ രാജിവയ്‌പ്പിക്കണമെന്ന് കരയോഗ തലത്തിലും താലൂക്ക് യൂണിയൻ തലത്തിലും ആവശ്യമുയർന്നിരുന്നു. ഇതാണ് രാജി എഴുതിവാങ്ങാൻ ഇടയായ സാഹചര്യം.