കോഴിക്കോട്: കേരളത്തിലെ പാഠ്യപദ്ധതിയിൽ ഇനി സവർക്കറെ കുറിച്ചും ഹെഡ്‌ഗേവാറിനെ കുറിച്ചും ദീൻ ദയാൽ ഉപാധ്യായെ കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും ഇഷ്ടമില്ലാത്തവർ പഠിക്കേണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണം ഇവിടെയും നടക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്ത് പഠിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ പറയും. വിഡി സവർക്കർ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും. ഹെഡ്‌ഗെവാർ, ദീൻദയാൽ ഉപാധ്യായ ഇവരെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. കോൺഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്രുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയോ?. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അത് ഇഷ്ടമില്ലാത്തവർ പഠിക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പക്ഷെ ചരിത്രം വളച്ചൊടിക്കില്ല. ശരിയായ കാര്യം പഠിപ്പിക്കും. അത് ന്യായമായ കാര്യമാണ്. അതിനുവേണ്ടിയാണ് ജനം തങ്ങൾക്ക് വലിയ ഭൂരിപക്ഷം തന്നത്. തങ്ങളെ താഴെയിറക്കിക്കൊള്ളു. ദേശീയവിദ്യാഭ്യാസ പദ്ധതി മാറ്റിക്കൊള്ളൂയെന്നും സുരേന്ദ്രൻ പറഞ്ഞു.
പിഎംശ്രീ പദ്ധതിയിൽ ബിജെപി പറഞ്ഞതാണ് ശരിയെന്ന് കോൺഗ്രസ് സർക്കാരിനും പിണറായി സർക്കാരിനും സമ്മതിക്കേണ്ടിവന്നു. ട്യൂബ് ലൈറ്റ് പോലെയാണ് സിപിഎമ്മെന്നും അത് പെട്ടെന്ന് കത്തില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. ഒരുസമ്മർദ്ദവും ബിജെപി സർക്കാർ സംസ്ഥാനത്തിന് മേൽ ചെലുത്തിയിട്ടില്ല. ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും ശിവൻകുട്ടിയും അല്ലാതെ സിപിഎമ്മിൽ മറ്റാരും അറിഞ്ഞിട്ടില്ല. എൽഡിഎഫ് ആശയപാപ്പരത്തത്തിന്റെ ഉത്തുംഗശൃംഖത്തിലാണെന്നും അഖിലേന്ത്യാ പാർട്ടി നടക്കണമെങ്കിൽ പിണറായി വിജയന്റെ സഹായം ആവശ്യമാണെന്നും ഇവിടെ രാജഭരണം തന്നെയാണെന്ന കാര്യത്തിൽ തനിക്ക് തർക്കമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐയുടെ എതിർപ്പ് കുരയ്ക്കും പക്ഷെ കടിക്കില്ല എന്നുപറഞ്ഞതുപോലെയുള്ളൂ. എന്നാൽ കടിക്കുന്നവർ അധികം കുരയ്ക്കില്ല. നാലുമന്ത്രിമാരെ അവിടുന്ന് രാജിവയ്പിക്കാൻ ബിനോയ് വിശ്വത്തിന് കഴിയുമോ? ബിനോയ് വിശ്വം രാജിവയ്ക്കാൻ പറഞ്ഞാലും അവർ കേൾക്കില്ല. അവരുടെ വകുപ്പിൽ ഭൂലോക അഴിമതിയാണ് നടക്കുന്നത്. അവരാരും തന്നെ ബിനോയ് വിശ്വം പറഞ്ഞാൽ കേൾക്കില്ല. രണ്ടുമാസത്തേക്കെങ്കിലും മന്ത്രിമാരെ രാജിവയ്പിക്കാൻ അദ്ദേഹത്തിന് കഴിയുമോ? ആ പാർട്ടിക്ക് കേരളത്തിൽ യാതൊരു നിലവാരവുമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
