90,000 കടന്ന് സ്വർണവില, ചരിത്രത്തിൽ ആദ്യം; ഒരുമാസത്തിനിടെ വർധിച്ചത് 10,000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 105 രൂപയാണ് വർധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.


സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി എൺപതിനായിരം പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയാണ് വർധിച്ചത്.

Previous Post Next Post