സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ്, രേഖകള്‍ തിരുത്തി മറുനാടന്‍ താരങ്ങളെ മത്സരിപ്പിക്കുന്നു; പുല്ലൂരാംപാറയ്ക്കായി മത്സരിച്ച വിദ്യാര്‍ഥിനിക്ക് 21 വയസ്

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മാറ്റിന് മങ്ങലേല്‍പ്പിച്ച്‌ പ്രായത്തട്ടിപ്പ് പരാതി. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ അത്‌ലറ്റിനെ പ്രായം തിരുത്തി മത്സരിപ്പിച്ചെന്നാണ് ആക്ഷേപം.

അണ്ടര്‍ 19 വിഭാഗത്തില്‍ കുട്ടികള്‍ മത്സരിക്കേണ്ട വിഭാഗത്തില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിനായി മത്സരിച്ച വിദ്യാര്‍ഥിനിക്ക് 21 വയസുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു.

ഉത്തര്‍പ്രദേശുകാരിയായ ജ്യോതി ഉപാധ്യായ എന്ന പെണ്‍കുട്ടിയുടെ മേളയിലെ പങ്കാളിത്തമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. 100, 200 മീറ്റര്‍ സ്പിന്റ് ഇനങ്ങളില്‍ മത്സരിച്ച ജ്യോതി വെള്ളി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങളില്‍ നാലാം സ്ഥാനത്തെത്തിയ തൃശൂര്‍ ആളൂര്‍ ആര്‍എംഎച്ച്‌എസ്‌എസും പാലക്കാട് ജില്ലാ ടീമും പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ഡാറ്റ ബേസ് അനുസരിച്ച്‌ 2004 മേയ് നാലിന് ജനിച്ച ജ്യോതിക്ക്, 21 വയസ്സും അഞ്ചു മാസവും 21 ദിവസവും പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നുന്നത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മത്സരങ്ങളുടെ ഫലം റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇതരസംസ്ഥാന താരങ്ങളെ ഇത്തരത്തില്‍ എത്തിക്കുന്നതിന് പിന്നില്‍ വന്‍ സാമ്ബത്തിക ഇടപാടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പടെ വയസ് തെളിയിക്കുന്ന രേഖകള്‍ കൃത്രിമം നടത്തിയാണ് കുട്ടികളെ എത്തിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സബ് ജില്ലാ മത്സരങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത്. പതിനായിരം മുതല്‍ മുപ്പതിനായിരം വരെയാണ് കുട്ടികള്‍ക്കായി ഇതിന് ലഭിക്കുന്നത്.
Previous Post Next Post