തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ ജനക്ഷേമപരമായ തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.
ക്ഷേമപെന്ഷന് തുകയില്‍ വര്‍ധനവ് അടക്കമുളള വമ്ബൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ക്ഷേമ പെന്ഷന് 400 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ നിലവിലെ പെന്ഷന് തുകയായ 1600 എന്നത് 2000 ആയി ഉയരും.
നംവബര്‍ 1 മുതല്‍ ക്ഷേമപെന്ഷന് വര്‍ധനവ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രതിവര്‍ഷം 13000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെയ്ക്കുന്നത്. ഇത് കൂടാതെ ഏറെക്കാലമായി സമരത്തിലുളള ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിലും വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം ആയിരം രൂപയുടെ വര്‍ധനവ് ആണ് ഉണ്ടാവുക. ആശമാരുടെ മുഴുവന്‍ കുടിശ്ശികയും നല്‍കും.
ഇത് കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത, ട്രാന്‍സ് വുമണ്‍ അടക്കമുളള പാവപ്പെ്ട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കും. 35 മുതല്‍ 60 വയസ്സ് വരെ പ്രായമുളള എഐവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്ഷന് അനുവദിക്കുക.