ട്വന്റി 20യുടെ പോരാട്ടം 'ഇന്ത്യ' മുന്നണിക്കെതിരെ; 60 പഞ്ചായത്തുകളിൽ മത്സരിക്കും: സാബു എം ജേക്കബ്

 

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിക്കെതിരെയാണ് ട്വന്റി 20 പാർട്ടി മത്സരിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20യെ പരാജയപ്പെടുത്താൻ ഇടത് വലത് മുന്നണികളിലെ 22 പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ മുന്നണി' പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാൻ പാർട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരിയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു എം ജേക്കബ്.


വിലക്കയറ്റം പിടിച്ചു നിർത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സർക്കാർ സമ്പൂർണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിക്കുകയാണ് അവർ ചെയ്തത്. ഇപ്പോൾ ശബരിമലയിലെ സ്വർണം കടത്തിക്കൊണ്ടു പോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോൾ സുരക്ഷിതനല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി20 പഞ്ചായത്തുകളിൽ 80 തവണയാണ് പിണറായിയുടെ വിജിലൻസ് കയറിയിറങ്ങിയത്.


കിഴക്കമ്പലത്ത് പത്ത് വർഷവും മറ്റ് പഞ്ചായത്തുകളിൽ അഞ്ച് വർഷവും ഭരിച്ചുകഴിഞ്ഞപ്പോൾ 50 കോടി രൂപ പഞ്ചായത്തുകളിൽ മിച്ചം വന്നിട്ടുണ്ടന്നും സാബു എം ജേക്കബ് പറഞ്ഞു. ത്രിതല തെരഞ്ഞെടുപ്പിൽ 9 ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും മത്സരിക്കും. 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവൻ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.


പിവി ശ്രീനിജിൻ എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളും സാബു എം ജേക്കബ് ഉന്നയിച്ചു. ട്വൻറി20 സ്ഥാനാർത്ഥിയാകാൻ പിവി ശ്രീനിജിൻ സമീപിച്ചിരുന്നു. സിപിഎം നേതാക്കളായ സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നും സാബു എം ജേക്കബ് ആരോപിച്ചു. ട്വന്റി 20 അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസും സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാർക്ക​റ്റ് ഡിസംബർ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

Previous Post Next Post