വേറെ വഴികളുണ്ടെന്ന് മോദി കാട്ടിത്തന്നു, തീരുവ പൂജ്യമാക്കി ഇന്ത്യയോട് ട്രംപ് മാപ്പുപറയണം- US വിദഗ്ധൻ.


ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവ പൂജ്യമായി കുറയ്ക്കണമെന്നും വിഷയത്തില്‍ യുഎസ് മാപ്പുപറയണമെന്നും ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്.

യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മിടുക്കുകാട്ടി. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് വളരെ നിർണായക പങ്കുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

'ഇന്ത്യ-യുഎസ് സഹകരണത്തെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായക പങ്കാളിത്തമായാണ് ഞാൻ കണക്കാക്കുന്നത്. ചൈനയും റഷ്യയും തമ്മില്‍ എന്ത് സംഭവിക്കുമെന്ന് ഈ പങ്കാളിത്തം തീരുമാനിക്കും. 21-ാം നൂറ്റാണ്ടില്‍ നിർണായക പങ്ക് ഇന്ത്യക്കാണ്. ചൈനയുമായി ഏറ്റുമുട്ടുകയും റഷ്യയുമായി യുദ്ധത്തിലായിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്, എന്തിനാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയുടെ മേല്‍ 50 ശതമാനം തീരുവ ചുമത്തുന്നതെന്ന് മനസ്സിലാവുന്നില്ല', എഡ്വേഡ് പ്രൈസ് പറഞ്ഞു. 'ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ ഒഴിവാക്കുകയും അത് കൂടുതല്‍ ന്യായമായ നിലയിലേയ്ക്ക് കുറയ്ക്കുകയും വേണം, ഞാൻ പൂജ്യം ശതമാനം നിർദേശിക്കുന്നു, ഒപ്പം ഇന്ത്യയോട് മാപ്പു പറയണമെന്നുമാണ് എൻറെ അഭിപ്രായം', അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ശക്തികള്‍ക്കിടയിലെ സാധ്യതകളെ കൈകാര്യംചെയ്യുന്ന ഇന്ത്യയുടെ രീതിയെയും എഡ്വേഡ് പ്രൈസ് പ്രകീർത്തിച്ചു. റഷ്യയുമായും ചൈനയുമായും പൂർണമായി ചേർന്നുനില്‍ക്കാതെതന്നെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച്‌ മോദി സൂചന നല്‍കിയിട്ടുണ്ട്. മിടുക്കോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. തനിക്ക് മറ്റു വഴികളുണ്ടെന്ന് അദ്ദേഹം അമേരിക്കയെ ഓർമിപ്പിക്കുന്നു. എന്നാലോ, ചൈനയെയും റഷ്യയെയും പൂർണമായി സ്വീകരിച്ചിട്ടില്ല താനും. സൈനിക പരേഡില്‍ പങ്കെടുക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Previous Post Next Post