കൊച്ചി: എൻഎസ്എസ്സുമായി കോൺഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു സമുദായവുമായി സംഘർഷവുമില്ല. സമുദായത്തിന് അവരവരുടേതായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ പാർട്ടിക്കും മുന്നണിക്കും അതുപോലെ സ്വാതന്ത്ര്യമുണ്ട്. എൻഎസ് എസിനോടോ ഒരു സമുദായ സംഘടനകളുമായോ ഞങ്ങൾക്ക് ശത്രുതയോ ഭിന്നതയോ ഇല്ല. യുഡിഎഫിന് എല്ലാവരോടും ഒരേ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ വിമർശിച്ചത്. എന്നാൽ താൻ ഒരു മറുപടി പോലും പറഞ്ഞില്ല. വളരെ വിനയത്തിന്റെ ഭാഷയിൽ മാത്രമാണ് താൻ പ്രതികരിച്ചത്. വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞു എന്നതിന്റെ പേരിൽ എസ്എൻഡിപിയോട് ഒരു വിരോധവുമില്ല. ഈ സ്ഥാനത്തിരിക്കുമ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ കേൾക്കേണ്ടി വരും. അയ്യപ്പസംഗമത്തിൽ പങ്കെടുക്കേണ്ടെന്ന രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
സർക്കാരിന്റെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എൻഎസ്എസിന് സ്വാതന്ത്ര്യമുണ്ട്. അയ്യപ്പ സംഗമവുമായി സഹകരിക്കേണ്ട എന്ന് കോൺഗ്രസും യുഡിഎഫും നിലപാടെടുത്തത് രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങൾ ഞങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ, സമുദായ സംഘടനകൾക്ക് അവർക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്ന് താൻ പറഞ്ഞതാണ്. യോഗക്ഷേമസഭ പോകേണ്ടെന്ന് തീരുമാനിച്ചു. എൻഎസ്എസ് പോകാൻ തീരുമാനിച്ചു. അതെല്ലാം അവരുടെ തീരുമാനങ്ങളാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാർ കപടഭക്തിയുമായി വരുമ്പോൾ അതു ജനങ്ങൾക്ക് മുന്നിൽ തതുറന്നുകാണിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്.
ഇപ്പോൾ അയ്യപ്പ ഭക്തിയുമായി വരുന്ന സർക്കാർ സുപ്രീംകോടതിയിൽ സ്ത്രീപ്രവേശനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ?, നാമജപഘോഷയാത്ര നടത്തിയതിന് എൻഎസ്എസ് വനിതകൾ അടക്കമുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ?, കഴിഞ്ഞ 9 കൊല്ലം ശബരിമല വികസനത്തിന് ചെറുവിരൽ അനക്കാത്ത സർക്കാർ ഇപ്പോൾ മാസ്റ്റർപ്ലാനുമായി വരുന്നത് ആരെ കബളിപ്പിക്കാനാണ്?. ഈ മൂന്നു ചോദ്യങ്ങൾ യുഡിഎഫ് സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിലൊന്നിനും മുഖ്യമന്ത്രിയും സർക്കാരും മറുപടി നൽകിയിട്ടില്ല.
ശബരിമലയിൽ കഴിഞ്ഞകാലഘട്ടത്തിൽ പിണറായി വിജയൻ സർക്കാർ എന്താണ് ചെയ്തതെന്ന് കേരളത്തിലെ വിശ്വാസികൾക്ക് ബോധ്യമുണ്ട്. അയ്യപ്പ സംഗമത്തിൽ കോൺഗ്രസ് പോയിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസപാത്രമാകുമായിരുന്നു. 4000 ലേറെ പേർ വരുമെന്ന് പറഞ്ഞിട്ട് 600 ലേറെ പേർ മാത്രമാണ് പങ്കെടുത്തത്. വിദ്വേഷപ്രസംഗം നടത്തുന്നവരെ ആനയിച്ചു കൊണ്ടുവന്നതും, മോദിയേക്കാൾ വർഗീയവാദിയായ യോഗി ആദിത്യനാഥിന്റെ പ്രസംഗം വായിച്ച് മന്ത്രി കോൾമയിർ കൊണ്ടതിനെല്ലാം ഞങ്ങളും സാക്ഷിയാകേണ്ടി വരുമായിരുന്നു.
എൻഎസ്എസ് സമദൂരം സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിൽ എടുക്കുന്ന നിലപാടുകളാണ് ഇതെല്ലാം. ഇതിന് തെരഞ്ഞെടുപ്പുമായി എന്താണ് ബന്ധം?. സംഗമം ഏഴുനിലയിൽ പൊട്ടിയപ്പോൾ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി കടപഭക്തനായി അയ്യപ്പസംഗമത്തിൽ അഭിനയിക്കുകയായിരുന്നു. ആചാരലംഘനം നടത്താൻ വേണ്ടി ഇരുട്ടിന്റെ മറവിൽ രണ്ടു സ്ത്രീകളെ പൊലീസിന്റെ പിൻബലത്തോടെ ശബരിമലയിൽ ദർശനം നടത്താൻ സൗകര്യം ചെയ്ത സർക്കാരാണിത്. ലോകം കീഴ്‌മേൽ മറിഞ്ഞാലും ഇതിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അന്നു പ്രസ്താവിച്ചത്. ആചാരലംഘനം നടത്തുന്നത് നവോത്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതും കേരളം കണ്ടതല്ലേയെന്ന് വിഡി സതീശൻ ചോദിച്ചു. ശബരിമല വികസനത്തിനും ആചാരസംരക്ഷണത്തിനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
