ബെംഗളൂരു:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ മകൾ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനാണു അഭയ് മാത്യു. ഇതുവഴി പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന വ്യാജേന 2 വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടർന്നു അഭയ് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ചു താലികെട്ടി. വിവാഹം റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് പരാതി.
സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നു യുവതിയുടെ പരാതിയിലുണ്ട്. ഇയാളുടെ ഫോണിൽ നിന്നു പകർത്തിയതെന്നവകാശപ്പെട്ട ഫോട്ടോകളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്. തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. തുടർന്നു വനിതാ കമ്മീഷൻ നിർദേശ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, വസ്തുതർക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പിൽ അവകാശപ്പെടുന്നുണ്ട്. യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വിഡിയോയിലുണ്ട്.
