ഡെറാഡൂൺ സൈനിക അക്കാദമിയിൽ മലയാളി ജവാൻ മരിച്ച നിലയിൽ, മൃതദേഹം നീന്തൽക്കുളത്തിൽ

 

ഡെറാഡൂൺ: ഡെറാഡൂണിലെ സൈനിക അക്കാദമിയിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.


13 വർഷമായി സൈന്യത്തിൽ ജോലി നോക്കുന്ന ബാലു നിലവിൽ ഇന്ത്യൻ ആർമിയിൽ ഹവിൽദാറാണ്. ഡിപാർട്ട്‌മെന്റ് ടെസ്റ്റ് പൂർത്തിയാക്കി ലഫ്റ്റനന്റ് കേണൽ പദവിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് മരണം. പുതിയ ജോലിയിലേക്കുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി ഫിസികൽ ടെസ്റ്റുകൾക്കായാണ് ബാലു ഡെറാഡൂണിൽ എത്തിയത്.


വ്യാഴാഴ്ചയാണ് ബാലു മരിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. അപകട മരണം ആണ് എന്ന നിലയിലാണ് സൈന്യത്തിൽ നിന്നും ലഭിച്ച വിവരം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളു. ഇന്ന് രാത്രിയോട് കൂടി ബാലുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. പാപ്പനംകോട് നിർമാണത്തിലിരിക്കുന്ന ബാലുവിന്റെ പുതിയ വിട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ശാന്തികവാടത്തിൽ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

Previous Post Next Post