അച്ചാറ് തൊടാതെ ഓണസദ്യ പൂർണമാകില്ല. മാങ്ങയും നാരങ്ങയുമാണ് സദ്യയിൽ സാധാരണ കാണാറ്. എന്നാൽ പാവയ്ക്കയും കാരറ്റും ഇഞ്ചിയും വെളുത്തുള്ളിയും ഇറച്ചിയും മീനുമൊക്കെ അച്ചാറായി ദീർഘകാലം സൂക്ഷിക്കാറുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കൊപ്പവും ചപ്പാത്തിക്കൊപ്പം വരെ അച്ചാർ കഴിക്കുന്നവരുണ്ട്. അച്ചാറു കൊതി കൂടിയാലും ആരോഗ്യത്തിന് ദോഷമാണ്.
തൊട്ടുകൂട്ടാൻ വേണ്ടി മാത്രമാണ് അച്ചാർ ഉപയോഗിക്കേണ്ടത്. എന്നാൽ ചിലർ കറി പോലെ തന്നെ അച്ചാറുകൾ കഴിക്കുന്നത് കാണാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അച്ചാർ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരിൽ അവസ്ഥകൾ വഷളാകാം.
പ്രത്യേകിച്ച്, കടകളിൽ നിന്ന് വാങ്ങുന്ന പ്രിസർവേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകൾ. ഇത് കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾ ആരോഗ്യപ്രദമാണ്. ഇതിൽ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും.
എന്നാൽ അച്ചാറിന് ഗുണവശങ്ങളുമുണ്ട്
അച്ചാറിലെ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തിന് വളരെ സഹായകമാണ്. ഉപ്പ്, എണ്ണ എന്നിവ വളരെ കുറച്ചും, കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെയും അച്ചാർ ഉണ്ടാക്കുന്നതാണ് നല്ലത്. അച്ചാറിലെ പുളിയിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നു. ഇതിനായി ലെമൺ ജ്യൂസ്, നാച്ചുറൽ വിനിഗർ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയിൽ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.
