'ബഹു' ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും, ഒരൊറ്റ അടിക്ക് മരിച്ചുപോകും; പരിഹസിച്ച് ടി പത്മനാഭൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് എഴുതുന്നതിനു മുമ്പ് 'ബഹു' എന്ന് ഉപയോഗിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ സർക്കുലറിനെ പരിഹസിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. 'മന്ത്രിയെ 'ബഹു' ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാൽ മർദിക്കും. അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ 'ബഹു' ചേർത്ത് വിളിക്കുന്നതായി ടി പത്മനാഭൻ പറഞ്ഞു.


കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല നയിച്ച സമൂഹ നടത്തം വാക്ക് എഗെയിൻസ്റ്റ് ഡ്രഗ്‌സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി. പത്മനാഭൻ. എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നൽകരുതെന്ന് 'ബഹുമാനപ്പെട്ട' എക്‌സൈസ് മന്ത്രിയോട് ആവശ്യപ്പെടുന്നു എന്ന് പറഞ്ഞാണ് ഉത്തരവിനെതിരെ പരിഹാസം ചൊരിഞ്ഞത്.


പുതിയ നിയമം പാസ്സാക്കിയത് പ്രകാരം ഏതു മന്ത്രിയെപ്പറ്റി പറയുമ്പോഴും 'ബഹുമാനപ്പെട്ട' എന്നു പറഞ്ഞേ പറ്റൂ. അല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. ഈ വയസ്സുകാലത്ത്, 97 ന്റെ പടിവാതിൽക്കൽ നിൽക്കുന്ന തനിക്ക് ജയിലിൽ പോകാൻ വയ്യ. ജയിലിൽ പോകുന്നതിന് മുമ്പു തന്നെ പൊലീസുകാർ പിടിച്ച് ശരിപ്പെടുത്തും. ഒരൊറ്റ അടിക്ക് മരിച്ചു പോകും. അതിനൊന്നും ഇടവരുത്താതിരിക്കാനാണ് 'ബഹുമാനപ്പെട്ട' 'ബഹുമാനപ്പെട്ട സർ' എന്നു പറയുന്നത്. സത്യത്തിൽ ബഹുമാനമൊന്നുമില്ല. പത്മനാഭൻ പരിഹസിച്ചു.


എലപ്പുള്ളിയിലെ ബ്രുവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് പത്മനാഭന്റെ വിമർശനം. 'ബഹുമാനപ്പെട്ട എക്‌സൈസ് മന്ത്രി'യോട് അത്യന്തം വിനീതനായി ആവുന്നത്രത്തോളം നടു വണങ്ങി അപേക്ഷിക്കുകയാണ്. ദയവായി ഇതിൽ നിന്നും പിൻവലിയണം. ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസ് കമ്പനിയുടെ ട്രാക്ക് റെക്കോർഡ് വളരെ മോശമാണ്. വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ലിസ്റ്റിൽ പെട്ട കമ്പനിയാണ് അത്. എലപ്പുള്ളിയിൽ ബ്രൂവെറി സ്ഥാപിച്ചാൽ അവിടെ കുടിക്കാനുള്ള വെള്ളത്തിന് ക്ഷാമം ഉണ്ടാവും. കുടി വെള്ളം കിട്ടില്ല, മറ്റേ വെള്ളം കിട്ടും. എലപ്പുള്ളിയിലെ ബ്രൂവെറിയിൽ നിന്ന് മന്ത്രി പിന്മാറണമെന്നും ടി പത്മനാഭൻ ആവശ്യപ്പെട്ടു.


Previous Post Next Post