കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ. വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ തമ്പടിച്ച് അസഭ്യവർഷം ഉൾപ്പെടെ നടത്തുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കൾ പ്രതിഷേധിച്ചത്.
പലതവണ ഉദ്യോഗസ്ഥർ യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ പരാക്രമം തുടർന്നതോടെ ഇരുവരെയും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ലോക്കപ്പിൽ ഇടുകയായിരുന്നു. ലോക്കപ്പിലും ഇരുവരും ബഹളം തുടരുകയും ചെയ്തു. യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, ബലാത്സംഗക്കേസിൽ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റാപ്പർ വേടനെ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
