'രക്ഷിക്കണം, സഞ്ചാരികളെ പോലും ആക്രമിക്കുന്നു'; നേപ്പാളില്‍ നിന്നും സഹായ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ യുവതി

കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭം അക്രമാസക്തമായി വ്യാപിക്കുന്നതിനിടെ സഹായ അഭ്യർഥനയുമായി ഇന്ത്യയിൽ നിന്നും വിനോദ സഞ്ചാരികൾ. നേപ്പാളിലെ പൊഖാറ മേഖലയിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ഉരാളായ ഉപാസ്ഥ ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ആണ് നേപ്പാളിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നത്. പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യുവതി വിവരിക്കുന്നത്. പ്രഫൂൽ ഗാർഗ് എന്നയാളുടെ അക്കൗണ്ടിലൂടെയാണ് യുവതി സഹായം അഭ്യർഥിക്കുന്നത്.



തങ്ങൾ താമസിക്കുന്ന ഹോട്ടലിന് അക്രമികൾ തീയ്യിട്ടതായും സാധനങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടെന്നും യുവതി വിഡിയോയിൽ അവകാശപ്പെടുന്നു. തങ്ങളെ രക്ഷിക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന ആവശ്യമാണ് യുവതി വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. കണ്ണിൽ കാണുന്നതെല്ലാം അക്രമികൾ അഗ്നിക്കിരയാക്കുകയാണ്. വിനോദ സഞ്ചാരിയെന്നോ, ജോലിക്കാരെന്നോ വ്യത്യാസം പോലും അവർ നോക്കുന്നില്ല. ആളുകൾ ആയുധങ്ങളുമായി പിന്തുടർന്നെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നും യുവതി പറയുന്നു. താനുൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യുവതി പറയുന്നു.


അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നേപ്പാളിലുള്ള ഇന്ത്യക്കാർ താമസസ്ഥലം വിട്ട് പുറത്തിറങ്ങരുത്, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നൽകുന്ന നിർദേശങ്ങൾ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.


അതേസമയം, നേപ്പാൾ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായാണ് റിപ്പോർട്ടുകൾ. സംഘർഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികൾ ജയിലുകൾ ആക്രമിച്ചതിനെത്തുടർന്ന് 900 തടവുപുള്ളികൾ രക്ഷപ്പെട്ടു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ വർദ്ധിപ്പിച്ചു.

Previous Post Next Post