തൃശൂർ: മദ്യപാനത്തെത്തുടർന്നുണ്ടായ വഴക്കിനിടെ പിതാവിനെ മർദ്ദിച്ചും കുത്തിയും മകൻ കൊലപ്പെടുത്തി. കൊരട്ടി ആറ്റപ്പാടത്താണ് സംഭവം. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ജോയി. രാത്രി മകൻ തന്നെയാണ് ജോയി രക്തത്തിൽ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആദ്യഘട്ടത്തിൽ കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
