വിജിലൻസ് ക്ലിയറൻസ് നൽകാതെ ദ്രോഹിക്കുന്നു; സർക്കാരിനെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമപോരിന്

തിരുവനന്തപുരം: കേന്ദ്രസർവീസിൽ നിയമനം ലഭിക്കുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമനടപടിക്ക്. കേന്ദ്ര സർവീസിൽ സേവനം അനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂർവം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനം പ്രവർത്തിച്ചതെന്ന് കാണിച്ച് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജിയിൽ ട്രൈബ്യൂണൽ ഇന്നു വാദം കേൾക്കും.


കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനുള്ള വിജിലൻസിന്റെ സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിന് എതിരെയാണ് ഫയർഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്ത ട്രൈബ്യൂണലിനെ സമീപിച്ചത്. സർക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്.


റിപ്പോർട്ട് കൈമാറില്ലെന്ന കടുംപിടിത്തം സർക്കാർ തുടരുന്ന സാഹചര്യത്തിലാണ് ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷിന്റെ നീക്കം. കേന്ദ്ര സർവീസിൽ ഡിജിപിയായി എം പാനൽ ചെയ്യുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകാൻ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അതു പരി​ഗണിച്ചിട്ടില്ല. ഉദ്യോഗസ്ഥനെന്ന നിലയിലുള്ള തന്റെ വളർച്ച തടയാൻ ലക്ഷ്യമിട്ടാണിതെന്നും യോഗേഷ് ഗുപ്ത ഹർജിയിൽ കുറ്റപ്പെടുത്തി.

Previous Post Next Post