കാഠ്മണ്ഡു: നേപ്പാളിൽ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം കത്തുന്നു. പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷം അടിച്ചമർത്താൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതിനിടെ സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രസഭാ യോഗത്തിൽ അദ്ദേഹം പ്രധാനമന്ത്രി കെപി ശർമ ഒലിക്ക് രാജി നൽകി. കാഠ്മണ്ഡു, പൊഖാറ, ബുടാവൽ, ഭൈരഹവ, ഭരത്പുർ, ഇറ്റഹരി, ദാമക് തുടങ്ങിയ ഇടങ്ങളിൽ യുവാക്കൾ തെരുവിലിറങ്ങി.
കഠ്മണ്ഡുവിൽ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ സുരക്ഷാ സംവിധാനങ്ങൾ തകർത്ത് പാർലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പിന്നാലെയാണ് വെടിവയ്പ്പുമുണ്ടായത്. പ്രതിഷേധക്കാർ നിയമസഭയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പാർലമെന്റ് കെട്ടിടത്തിന് പുറത്ത് കർഫ്യൂ ഏർപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും വിലപ്പോയില്ല. നിരോധനങ്ങൾ മറികടന്നാണ് പ്രതിഷേധക്കാർ തെരുവ് കൈയടക്കിയത്. നേപ്പാളിൽ പ്രാദേശിക സമയം രാത്രി 10 മണി വരെ കർഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നേപ്പാളിൽ കാര്യങ്ങൾ കൂടുതൽ സങ്കീർമായതായാണ് വിവരം.
രാജ്യസുരക്ഷയുടെ മുൻനിർത്തിയാണ് സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാജ ഐഡികൾ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
