ന്യൂഡൽഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിൽ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആർടിഇ) ബാധകമല്ലെന്ന മുൻ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്. 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമത്തിൻറെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോയെന്ന് പരിശോധിക്കാൻ ജഡ്ജിമാരയ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചു. ന്യൂനപക്ഷങ്ങൾക്ക് വിദ്യഭ്യാസ പ്രവർത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ചട്ടങ്ങൾ മറികടക്കാനുള്ള ഉപായമായി പലരും ഉപയോഗിക്കുന്നുവെന്നും കോടതി വിലയിരുത്തി.
നിലവാരം ഉറപ്പാക്കാനുള്ളതാണ് ആർടിഇ ബില്ലെന്നും ഭരണഘടനയുടെ 30ാം അനുഛേദം പ്രകാരം സ്ഥാപിക്കുന്ന സ്‌കൂളുകളുടെ ന്യൂനപക്ഷ സ്വഭാവത്തിൽ മാറ്റം വരുത്തില്ലെന്നും കോടതി പറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ നിലവിൽ സർവീസിലുള്ള അധ്യാപകരും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) പാസാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോലിയിൽ തുടരാനും സ്ഥാനക്കയറ്റത്തിനും പരീക്ഷ പാസായേ തീരൂവെന്ന് കോടതി വ്യക്തമാക്കി.
വിരമിക്കാൻ അഞ്ചുവർഷം മാത്രം ബാക്കിയുള്ളവർക്ക് ഇളവുനൽകി. അഞ്ചുവർഷത്തിൽ കൂടുതലുള്ളവർ പരീക്ഷ പാസാകണം. അല്ലെങ്കിൽ രാജി നൽകണം. ടെറ്റ് പരീക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ബാധകമാണോ എന്നതടക്കമുള്ള വിഷയമാണ് വിശാല ബെഞ്ചിലേക്ക് വിടാൻ കോടതി തീരുമാനിച്ചത്.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് 2010ലാണ് ടെറ്റ് പരീക്ഷ നിർബന്ധമാക്കിയത്. സർവീസിലുള്ളവർക്ക് പരീക്ഷ നിർബന്ധമാക്കുന്നതിനെതിരെയാണ് അധ്യാപകർ കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ അൻജുമൻ ഇഷാദ് ഇ-തലീം ട്രസ്റ്റിന്റേതുൾപ്പെടെ ആർടിഇ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.
2014ലെ പ്രമതി എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് കേസിലാണ് സർക്കാർ സഹായത്തോടെയും അല്ലാതെയും പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ അവകാശം നിയമം ബാധകമല്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആർ എം ലോധ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.
