ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാതെ ഇന്ത്യ, പുരസ്‌കാര ചടങ്ങിൽ നാടകീയ രംഗങ്ങൾ; യഥാർഥ കിരീടം ടീം അംഗങ്ങളെന്ന് സൂര്യകുമാർ യാദവ്

 

ദുബൈ: പാകിസ്ഥാനെ തകർത്ത് എഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യ ഒമ്പതാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിന് ശേഷം മികച്ച വിജയം തേടിയെങ്കിലും ഇന്ത്യ ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങിയില്ല.


ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാൻ കൂടിയായ മുഹസിൻ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാൻ സമ്മാന വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെയാണ് ടീം വിട്ടു നിന്നത് എന്നാണ് റിപ്പോർട്ട്. ചടങ്ങിൽ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് യഥാർത്ഥ ട്രോഫി സഹതാരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നമായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.


'ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. അത് കഠിനാധ്വാനം ചെയ്താണ് തങ്ങൾ കിരീടം നേടിയത്. അത് എളുപ്പമായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങൾക്ക് അർഹതപ്പെട്ടതാണത്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫികൾ. ടൂർണമെന്റിൽ ഞാൻ അവരുടെ ആരാധകനാണ്.'- സൂര്യകുമാർ യാദവ് പറഞ്ഞു. മത്സര ശേഷം ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ഒരുമണിക്കൂറിൽ ഏറെ വൈകിയിരുന്നു. എന്നാൽ ചടങ്ങ് ആരംഭിച്ചപ്പോൾ മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ ടീം അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു.


അത്യന്തം ആവേശകരമായ പോരാട്ടത്തിന് ഒടുവിലായിരുന്നു ഏഷ്യാകപ്പിൽ ഇന്ത്യ മുത്തമിട്ടത്. അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു.


തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തിൽ അഭിഷേക് വർമയെയും ശുഭ്മാൻ ഗില്ലിനെയും സൂര്യകുമാർ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വർമ ക്രീസിൽ എത്തിയത്. പിന്നീട് തിലക് വർമയുടെ ബാറ്റിൽ നിന്ന് ഷോട്ടുകൾ എല്ലാ ഭാഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അർധ സെഞ്ച്വറി നേടിയ തിലക് വർമയാണ് ടീമിന്റെ വിജയശിൽപ്പി. 41 പന്തിൽ നിന്നാണ് തിലക് വർമ അർധ സെഞ്ച്വറി കുറിച്ചത്.

Previous Post Next Post