'പീഠം സൂക്ഷിച്ചത് കോട്ടയത്തുള്ള സുഹൃത്ത്; തിരികെ സമര്‍പ്പിക്കാന്‍ മറന്നുപോയതാണ്, ദുരുദ്ദേശമില്ല'; വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

പത്തനംതിട്ട: ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. കോട്ടയത്തുള്ള സുഹൃത്താണ് നാലര വർഷമായി പീഠം സൂക്ഷിച്ചിരുന്നത്. പീഠം ശിൽപ്പത്തിൽ യോജിക്കാതിരുന്നപ്പോൾ സുഹൃത്ത് മടക്കിക്കൊണ്ടു പോകുകയായിരുന്നു. പീഠം കാണാനില്ലെന്ന് താൻ പറഞ്ഞപ്പോഴാണ് സുഹൃത്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പീഠങ്ങൾ തിരുവനന്തപുരത്തെ തന്റെ വീട്ടിൽ എത്തിച്ചു. താൻ ബംഗലൂരുവിലേക്ക് പോയപ്പോൾ സഹോദരിയുടെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.


2021ൽ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വർണപീഠം ശബരിമലയിൽ സമർപ്പിക്കാനായി നൽകിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാൽ വാസുദേവന്റെ കൈയിൽ തന്നെ അത് അറ്റകുറ്റപ്പണി ചെയ്യാനായി ദേവസ്വം അധികൃതർ തിരിച്ചു നൽകി. കോവിഡ് കാലമായതിനാൽ പിന്നീട് സ്വർണ പീഠം റിപ്പയർ ചെയ്ത് സമർപ്പിക്കാൻ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. കൊറോണ രൂക്ഷമായിരുന്നതിനാലും ദേവസ്വം ബോർഡ് പിന്നീട് ആവശ്യപ്പെടാതിരുന്നതിനാലും ഇതേക്കുറിച്ച് താനും മറന്നുപോയി. സുഹൃത്ത് പീഠം വീട്ടിൽ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു.


ശബരിമലയിൽ പീഠം ഉണ്ടാകും എന്നാണ് താൻ വിചാരിച്ചിരുന്നത്. പത്തുദിവസത്തിനകം പീഠം കണ്ടെത്തണമെന്ന് ദേവസ്വം വിജിലൻസ് എസ്പിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് സുഹൃത്ത്, തന്റെ വീട്ടിലിരിക്കുന്ന സാധനമാണ് ഇതെന്ന് മനസ്സിലാക്കുന്നത്. തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും എന്നതിനാലാണ് പിന്നീട് ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. താൻ നൽകിയ സ്വർണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയാണ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം വിജൻസ് അന്വേഷണം ആരംഭിച്ചു. ആറന്മുളയിലെ ഉൾപ്പെടെ ദേവസ്വം സ്റ്റോർ റൂമുകളിൽ അടിമുടി പരിശോധനയും നടത്തിയിരുന്നു.


അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്


സംഭവത്തിൽ സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു. എന്തിനു വേണ്ടിയാണ് ഇതു ദേവസ്വം ബോർഡിനെ ഏൽപ്പിച്ചു എന്ന രീതിയിൽ പഴിചാരി കള്ളം പറഞ്ഞത്?. ദേവസ്വം ബോർഡിനെ കള്ളനാക്കിയില്ലേ?. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിച്ചു. പീഠം കണ്ടെത്തിയത് ആശ്വാസകരമാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയുവാൻ വേണ്ടി ഇദ്ദേഹം കരുതിക്കൂട്ടി ആസൂത്രണം നടത്തിയതാണ് ഇതെന്നാണ് തന്റെ സംശയമെന്നും പ്രശാന്ത് പറഞ്ഞു.

Previous Post Next Post