കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും അവസാന സർവീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളിൽ ആറു സർവീസുകൾ അധികമായി നടത്തും.
വാട്ടർ മെട്രോയും തിരക്കുള്ള സമയങ്ങളിൽ അധിക സർവീസുകൾ നടത്തും. 10 മിനിറ്റ് ഇടവിട്ട് സർവീസുകൾ നടത്തും. രണ്ടുമുതൽ ഏഴുവരെയുള്ള തീയതികളിൽ ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സർവീസ് നടത്താനാണ് തീരുമാനം.
ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേയും 97 ഓളം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിൻ സർവീസുകൾ. ഇതിന്റെ ഭാഗമായി മൂന്നു പുതിയ സ്പെഷ്ൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു.
ഈ ട്രെയിനുകളുടെ റിസർവേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. ചെന്നൈ സെൻട്രൽ തിരുവനന്തപുരം നോർത്ത് വൺവേ എക്സ്പ്രസ് സ്പെഷൽ, തിരുവനന്തപുരം നോർത്ത് സൂറത്ത് വൺവേ എക്സ്പ്രസ് സ്പെഷ്ൽ, മംഗലാപുരം സെൻട്രൽ തിരുവനന്തപുരം നോർത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകൾ.
