തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്കു മേൽക്കൈ നൽകിയ സുപ്രീംകോടതി ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് ഗവർണർ ഹർജി നൽകി. വിസിമാരായി നിയമിക്കുന്നതിന് സെർച്ച് കമ്മിറ്റി നിശ്ചയിക്കുന്ന പേരുകളിൽ മുഖ്യമന്ത്രിക്കു മുൻഗണനാക്രമം തീരുമാനിക്കാമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ഗവർണറുടെ ഹർജി.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഗവർണർ ഹർജിയിൽ ആവശ്യപ്പെട്ടു. സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സുപ്രീംകോടതി, സെർച്ച് കമ്മിറ്റി അധ്യക്ഷനായി മുൻ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ചിരുന്നു.
സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടേയും മുഖ്യമന്ത്രിയുടേയും പ്രതിനിധികളെ നിർദേശിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണറും സർക്കാരും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുപ്പ് കോടതിക്ക് കൈമാറി. ഇതിൽ നിന്നും ജസ്റ്റിസ് സുധാംശു ധൂലിയ സെർച്ച് കമ്മിറ്റി അംഗങ്ങളെ തീരുമാനിച്ചിരുന്നു. സെർച്ച് കമ്മിറ്റി നിശ്ചയിക്കുന്നവരുടെ പേരു വിവരം മുഖ്യമന്ത്രിക്ക് കൈമാറണമെന്നും, ഇതിൽ നിന്നും നിയമനം നടത്തണമെന്നുമാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിഷകരണമാണ് ഗവർണർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവിന്റെ ഖണ്ഡികയിലെ 19, 20 എന്നിവയിൽ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം തീരുമാനിക്കാമെന്ന നിർദേശം മാറ്റണം. മുഖ്യമന്ത്രിയെ മുഴുവൻ നിയമനപ്രക്രിയയിൽ നിന്നും ഒഴിവാക്കണം. നിലവിൽ രണ്ട് ഗവർണറുടെ പ്രതിനിധികൾ, രണ്ട് സർക്കാർ പ്രതിനിധികൾ എന്നിങ്ങനെയാണുള്ളത്. ഇതിൽ യുജിസി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്നും ഗവർണർ ഹർജിയിൽ ആവശ്യപ്പെടുന്നു.
