ഒരു പാമ്ബിനെയും ചുമലിലിട്ട് ട്രെയിനില്‍ യാത്രക്കാരില്‍ നിന്ന് പണം പിരിക്കുന്നയാളിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.
അഹമ്മദാബാദ്-സബർമതി എക്സ്പ്രസ്സിലാണ് ഈ സംഭവം നടന്നത്. പാമ്ബിനെ യാത്രക്കാർക്ക് തൊട്ടടുത്തായി കാണിച്ചുകൊണ്ട് ഭയപ്പെടുത്തി പണം പിരിക്കുന്നത് വീഡിയോയില്‍ കാണാം. ഭയം കാരണം പല യാത്രക്കാരും ഇയാള്‍ക്ക് പണം നല്‍കുന്നുമുണ്ട്. "മധ്യപ്രദേശിലെ മുൻഗാവോളിയില്‍ നിന്നാണ് പാമ്ബുമായി ഇയാള്‍ കയറിയത്. ഇന്ത്യൻ റെയില്‍വേയില്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളില്‍ നിന്ന് പണം പിരിക്കാൻ പുതിയ വഴി," റെയില്‍വേ അധികൃതരെ ടാഗ് ചെയ്തുകൊണ്ട് ഒരു എക്സ് ഉപയോക്താവ് വീഡിയോയോടൊപ്പം കുറിച്ചു.
ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആയിരക്കണക്കിന് ആളുകള്‍ കാണുകയും വലിയ വിമർശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ട്രെയിനുകളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഇതൊരു വിനോദമല്ല, ദുർബലരായ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം, റെയില്‍വേസേവയുടെ എക്സ് അക്കൗണ്ട് വിഷയത്തില്‍ പ്രതികരിക്കുകയും കൂടുതല്‍ വിവരങ്ങള്‍ നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിനോട് (ആർപിഎഫ്) അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. "നിങ്ങളുടെ യാത്രാവിവരങ്ങള്‍ (പിഎൻആർ / യുടിഎസ് നമ്ബർ), മൊബൈല്‍ നമ്ബർ എന്നിവ ഡിഎം വഴി അയക്കുക. നിങ്ങള്‍ക്ക് വേഗത്തിലുള്ള സഹായത്തിനായി https://railmadad.indianrailways.in എന്ന വെബ്സൈറ്റില്‍ നേരിട്ട് പരാതി നല്‍കുകയോ അല്ലെങ്കില്‍ 139 ഡയല്‍ ചെയ്യുകയോ ചെയ്യാം," എന്ന് റെയില്‍വേ സേവയുടെ പ്രതികരണത്തില്‍ പറയുന്നു.