രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വരുന്നതില്‍ പ്രതിഷേധം; എംഎല്‍എ ഓഫീസ് പൂട്ടാന്‍ ബിജെപി ശ്രമം; അറസ്റ്റില്‍

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നു മണ്ഡലത്തിലെത്തിയേക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി.

രാവിലെ ഏഴുമണിയോടെ തന്നെ എംഎല്‍എ ഓഫീസ് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പീഡനവീരനായ എംഎല്‍എയെ പാലക്കാടിന് വേണ്ടെന്നും രാഹുല്‍ പൊതുപരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

എംഎല്‍എയുടെ ഓഫീസിന്റെ ഗേറ്റ് ബിജെപി പ്രവര്‍ത്തകര്‍ പൂട്ടാന്‍ ശ്രമിച്ചതോടെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിയുകയായിരുന്ന രാഹുല്‍ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയില്‍ എത്തിയ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചതായും വിവരം ഉണ്ട്. മണ്ഡലത്തിലെത്തുന്ന രാഹുല്‍ സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു എംഎല്‍എ ഓഫീസ് പരിസരത്തും നഗരത്തിലാകെയും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.
Previous Post Next Post