ചർമസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സൺസ്ക്രീൻ. എന്നാൽ സൺസ്ക്രീൻ പുരട്ടുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ ചർമത്തിന് പണികിട്ടും. വില കൂടിയ ബാൻഡിന്റെ സൺസ്ക്രീൻ ഉപയോഗിച്ചുവെന്ന് പറഞ്ഞിട്ടു കാര്യമില്ല, അത് നിങ്ങളുടെ ചർമത്തിന് യോജിച്ചതാണോ എന്നുള്ളതാണ് പ്രധാനം.
പ്രധാനമായും സൂര്യപ്രകാശത്തിലെ അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയാണ് സൺസ്ക്രീനുകളുടെ ധർമമെങ്കിലും നിങ്ങളുടെ ചർമത്തിന് യോജിക്കാത്ത സൺസ്ക്രീൻ പുരട്ടിയാൽ ചർമത്തിൽ അകാല വാർദ്ധക്യ ലക്ഷണങ്ങൾ മുതൽ ചർമത്തിലെ കാൻസർ വരെയുള്ള ഗുരുതരമായ ചർമ പ്രശ്നങ്ങൾ ഉണ്ടാകാം. ചർമം തൂങ്ങുക, ചർമത്തിൽ ചുളിവ് വീഴുക, സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള മെലാനിൻ നിക്ഷേപം എന്നിവയ്ക്കെല്ലാം സാധ്യത ഉണ്ട്.
സൺസ്ക്രീൻ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മുഖക്കുരുവും എണ്ണമയമുള്ളതുമായ ചർമം
എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചർമമാണ് നിങ്ങളുടെതങ്കിൽ കട്ടിയുള്ളതും എണ്ണമയമുള്ളതുമായ സൺസ്ക്രീനുകൾ നിങ്ങളുടെ ചർമത്തിന് യോജിക്കുന്നതല്ല. ഭാരം കുറഞ്ഞ നോൺ-കോമഡോജെനിക് ജെൽ അധിഷ്ഠിത അല്ലെങ്കിൽ പൊടി രൂപത്തിലുള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ചർമ അലർജി
സൺസ്ക്രീനുകളിൽ അടങ്ങിയ ഓക്സിബെൻസോൺ അല്ലെങ്കിൽ അവോബെൻസോൺ പോലുള്ള കെമിക്കൽ ഫിൽട്ടറുകൾ ചിലരിൽ അലർജി പ്രതികരണങ്ങൾ ഉണ്ടാക്കാം. സൺസ്ക്രീൻ അലർജി ഉള്ളവർ സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയ മിനറൽ (ഫിസിക്കൽ) സൺസ്ക്രീനുകളിലേക്ക് മാറാവുന്നതാണ്. അവ ചർമത്തിന് മൃദുവും സെൻസിറ്റീവ് ചർമമുള്ളവർക്ക് സുരക്ഷിതവുമാണ്. പൂർണ്ണമായി പ്രയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പാച്ച്-ടെസ്റ്റ് ചെയ്യുക.
കണ്ണിന് അസ്വസ്ഥത
സൺസ്ക്രീൻ വിയർപ്പിനൊപ്പം കണ്ണുകളിലേക്ക് ഒലിച്ചിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ കണ്ണിന് ചൊറിച്ചിൽ, കണ്ണുനീർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ഒഴിവാക്കാൻ കണ്ണിനു ചുറ്റും സൺസ്ക്രീൻ സ്റ്റിക്കുകൾ ഉപയോഗിക്കുക.
ഹോർമോൺ തകരാറുകൾ
ചില സൺസ്ക്രീനിൽ അടങ്ങിയ ഓക്സിബെൻസോൺ പോലുള്ള ഘടകങ്ങൾ ശരീരത്തിലെ ഈസ്ട്രജനെ അനുകരിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്റ്ററുകളായി പ്രവർത്തിച്ചേക്കാം. ഇത് ഗർഭിണികൾക്ക് പ്രത്യേകിച്ചും സുരക്ഷിതമാകണമെന്നില്ല. പകരം മിനറൽ അധിഷ്ഠിതവും സുഗന്ധമില്ലാത്തതുമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
ഹൈപ്പർപിഗ്മെന്റേഷൻ കൂടുതൽ വഷളാക്കും
ചില സൺസ്ക്രീനുകൾ കറുത്ത പാടുകളോ മെലാസ്മയോ കൂടുതൽ വഷളാക്കും. സൺസ്ക്രീനിൽ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ, ആൽക്കഹോൾ തുടങ്ങിയ ചേരുവകൾ മെലാനിൻ അടങ്ങിയ ചർമത്തെ പ്രകോപിപ്പിക്കും, ഇത് കൂടുതൽ പിഗ്മെന്റേഷനിലേക്ക് നയിക്കും. അത്തരക്കാർ മികച്ച സംരക്ഷണം നൽകുന്ന അയൺ ഓക്സൈഡുകൾ അടങ്ങിയ സൺസ്ക്രീനുകൾ വാങ്ങുന്നതാണ് നല്ലത്.
വരൾച്ച ഉണ്ടാക്കും
വരണ്ട ചർമം ഉള്ളവർ ആൽക്കഹോൾ അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഈർപ്പം ഇല്ലാതാക്കും. ആദ്യം ഉപയോഗിക്കുമ്പോൾ നല്ലതാണെന്ന് തോന്നാമെങ്കിലും ദീർഘകാല ഉപയോഗം സുരക്ഷിതമല്ല. സന്തുലിതാവസ്ഥ നിലനിർത്താൻ ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള അധിക മോയ്സ്ചറൈസറുകൾ അടങ്ങിയ ജലാംശം നൽകുന്ന ക്രീമുകൾ തിരഞ്ഞെടുക്കുക.
ചർമത്തിന് അനുസരിച്ച് സൺസ്ക്രീൻ
എണ്ണമയമുള്ള ചർമം: ജെൽ അല്ലെങ്കിൽ പൊടി രൂപത്തിലുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുക.
വരണ്ട ചർമം: മോയ്സ്ചറൈസിങ് ക്രീമുകൾ ഉപയോഗിക്കുക.
സെൻസിറ്റീവ് ചർമം: ധാതുക്കൾ, സുഗന്ധദ്രവ്യങ്ങൾ ഇല്ലാത്ത സൺസ്ക്രീനുകൾ ഉപയോഗിക്കാം.
ഗർഭിണികൾ: സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡൈ ഓക്സൈഡ് എന്നിവ ഉപയോഗിക്കുക.
