കൊല്ലം: അപകട സ്ഥലത്തോ ദുരന്തം ഉണ്ടാകുന്നിടത്തോ പലപ്പോഴും ചിതറിക്കിടക്കുന്ന സാധനങ്ങൾ പെറുക്കാനാണ് പലപ്പോഴും ആളുകൾ വ്യഗ്രത കാണിക്കാറ്. അപ്പോഴാണ് മറ്റുള്ളവരുടെ വേദനയിൽ സഹായിക്കാൻ മനസുകാണിക്കുന്ന ഒരു പെൺകുട്ടി ശ്രദ്ധ നേടുന്നത്. മറ്റുള്ളവന്റെ വേദനയിൽ സഹായിക്കാൻ മനസുകാണിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിക്കുമ്പോൾ മാതൃകയാവുകയാണ് പാരിപ്പിള്ളി സ്വദേശി ഷിഫ്‌ന. കൊല്ലം പാരിപ്പള്ളിക്കടുത്ത് മുക്കട ജങ്ഷനിൽ മകനെ സ്‌കൂൾ ബസ്സിൽ കയറ്റാൻ എത്തിയതാണ് ഷിഫ്‌ന.
അപ്പോഴാണ് ബൈക്കിൽ മീനുമായി എത്തിയ ആളുടെ വണ്ടി പിന്നോട്ട് ഉരുണ്ട് അവിടെ നിന്ന ഒരു കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ ഇടിച്ച് മറിഞ്ഞത്. വണ്ടിയിൽ വിൽക്കാൻ കൊണ്ടുവന്ന മീൻ മുഴുവൻ റോഡിൽ താഴെ വീണു. കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്നും ഇറങ്ങി മീൻകാരനോട് സംസാരിക്കുന്നതിനിടെ ഷിഫ്ന കണ്ടത്, താഴെ റോഡിൽ വീണ് കിടക്കുന്ന മീനുകളും അതിലൂടെ കയറി ഇറങ്ങി പോകുന്ന വണ്ടികളുമാണ്.
പിന്നെ ഒന്നും ആലോചിച്ചില്ല. അവിടെ നടക്കുന്ന ബഹളം ഒന്നും ശ്രദ്ധിക്കാതെ, ആ മീനുകളെല്ലാം വാരി മീൻകാരന്റെ പെട്ടിയിൽ ഇട്ട് കൊടുക്കുകയാണ് ഷിഫ്‌ന ചെയ്തത്. രാത്രിയോടെ പടം പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമായിരുന്നെന്ന് ഷിഫ്‌ന പറയുന്നു. ഭർത്താവ് ഷമീർ ഗൾഫിലാണ്. മകൻ മുഹമ്മദ് നിയാൽ എൽകെജി വിദ്യാർഥിയാണ്.
