തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് കത്ത് നൽകിയത്. ഇതോടെ രാഹുൽ സഭയിലെത്തിയാൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.
എന്നാൽ നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കോൺഗ്രസ് തീരുമാനം സഭ ചേരുന്നതിന് തലേന്ന് മാത്രമേ ഉണ്ടാകാനിടയുള്ളൂ. അദ്ദേഹം മാറി നിൽക്കുകയാണ് പ്രതിപക്ഷത്തിന് നല്ലതെന്ന വാദത്തിനാണ് കോൺഗ്രസിന് മുൻതൂക്കം. രാഹുലിന്റെ നിലപാടും ഇക്കാര്യത്തിൽ പരിഗണിക്കും. 15ന് കെപിസിസി നേതൃയോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ആർക്കും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും അത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
