തൃശൂർ: തൃശൂരിൽ ഇന്ന് പുലിയിറക്കം. നാടൻ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തിൽ അരമണികുലുക്കി കുടവയർ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകൾ മാത്രം.
വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കൽ കഴിഞ്ഞു. പുലിച്ചമയ പ്രദർശനം നഗരത്തിൽ പലപുലിമടകളിലായി തുടർന്നുവരികയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്.
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് പുലികൾ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും.
പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും കലക്ടർ അർജുൻ പാണ്ഡ്യൻ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
