'പപ്പടം അടുത്തൊന്നും വെളിച്ചെണ്ണ കാണില്ല, ചുട്ടു തിന്നേണ്ടിവരും'; വിലക്കയറ്റം നേരിടുന്നതിൽ സർക്കാർ പരാജയമെന്ന് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വർധന ജനജീവിതത്തെ സാരമായ ബാധിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം. അവശ്യവസ്തുക്കളുടെ വിലവർധന സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് പി സി വിഷ്ണുനാഥാണ് സർക്കാരിനെതിരെ രൂക്ഷമായ ആരോണങ്ങൾ ഉന്നയിച്ചത്. കേരളത്തിൽ വിലക്കയറ്റ തോത് ക്രമാതീതമായി ഉയർന്ന നിലയിലാണ്. ഉപഭോക്തൃ വില (സിപിഐ) സൂചിക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റിലെ വിലക്കയറ്റ തോത് കേരളത്തിൽ 9 ആണ്. പട്ടികയിൽ രണ്ടാമതുളള കർണാടകയിൽ അത് വെറും 3.8 ആണെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വിലക്കയറ്റ തോതിൽ തുടർച്ചയായി എട്ടു മാസങ്ങളായി കേരളം നമ്പർ വൺ ആണെന്നും പി സി വിഷ്ണുനാഥ് സഭയിൽ പറഞ്ഞു.


വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ വിപണിയിൽ നടത്തുന്ന ഇടപെടൽ കാര്യക്ഷമമല്ലെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു. വെളിച്ചെണ്ണയുടെ ഉയർന്ന വില ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ ആക്ഷേപങ്ങൾ. ഓണക്കാലത്ത് വിപണി ഇടപെടലിന് 420 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. 205 കോടി മാത്രമാണ് വകയിരുത്തിയത്. 176 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിലായാൽ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുക. സബ്സിഡി സാധനങ്ങൾക്ക് പോലും വില വർധിപ്പിച്ചു. സംസ്ഥാനത്ത് പപ്പടം ചുട്ട് തിന്നേണ്ട അവസ്ഥയാണ്. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാൻ പോകുന്നില്ല.


സബ്സിഡി ഉൽപ്പന്നങ്ങൾക്കു വില വർധിപ്പിച്ചതിന് എതിരെ സിപിഐ സമ്മേളനങ്ങളിൽ പോലും വിമർശനം ഉയർന്നു. കരാറുകാർക്കു കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാൽ അവർ ടെൻഡറിൽ പങ്കെടുക്കുന്നില്ല. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനു മുന്നിലുള്ള ഏക പോംവഴി രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് സംഘടിപ്പിക്കുക എന്നതാണ് എന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.


അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പിസി വിഷ്ണുനാഥിനെ സ്പീക്കർ എ എൻ ഷംസീർ അഭിനന്ദിച്ചു. അതേസമയം പതിനഞ്ചാം നിയമസഭ ചർച്ചയ്ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളിൽ നാലെണ്ണം വിഷ്ണുനാഥിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിന്ദനം.

Previous Post Next Post