എന്നാല്‍ സ്പീക്കറുടെ അധികാരം ഉപയോഗിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് അവസരം കൊടുക്കാനുള്ള സ്വാതന്ത്ര്യം ചെയറിനുണ്ട്. അതല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അസംബ്ലിയില്‍ ചെന്നാല്‍ കയ്യേറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചിലപ്പോള്‍ രാഹുല്‍ എഴുന്നേറ്റ് നില്ക്കുമ്പോള് ഭരണകക്ഷിയിലെ ആളുകള്‍ ചിലപ്പോള്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കും. അപ്പോള്‍ മുകേഷ് എഴുന്നേറ്റ് നില്ക്കുമ്പോള് യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാകും. ശശീന്ദ്രന് എഴുന്നേറ്റു നില്ക്കുമ്പോള് പൂച്ചയുടെ ശബ്ദവും ഉണ്ടായേക്കും. അതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് മുരളീധരന് പറഞ്ഞു.
രാഹുലിന് സംരക്ഷണം നല്‍കുന്നതിനല്ല, മറിച്ച് ഭരണപക്ഷത്ത് ശരിക്കുള്ള കോഴികളുള്ളതിനാലാണ് പ്രതിപക്ഷം ശബ്ദമുണ്ടാക്കുക. രണ്ട് പരാതികള്‍ മുകേഷിനെതിരെയുണ്ട്. അദ്ദേഹം അറസ്റ്റ് ചെയ്ത് ജാമ്യത്തിലാണ്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രേഖാമൂലം പരാതിയില്ല. അറസ്റ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ടു തന്നെ സഭയില്‍ പങ്കെടുക്കുന്നതില്‍ തകരാറില്ല. അവിടെ നിന്നും പൂവന്‍കോഴിയുടെ ശബ്ദമുണ്ടായാല്‍, തിരിച്ച് കോഴിയുടേയും പൂച്ചയുടേയും ശബ്ദമുണ്ടാക്കുമെന്ന് മാത്രമാണ് പറഞ്ഞത്. അത് രാഹുലിന് പ്രതിരോധം തീര്‍ക്കുന്നതല്ലെന്നും മുരളീധരന് പറഞ്ഞു.
സ്റ്റാലിന്റെ സ്റ്റാറ്റസ് മറ്റ് മുഖ്യമന്ത്രിമാർക്കില്ലേ?
ആഗോള അയ്യപ്പ സംഗമം നടത്തുന്നത് ദേവസ്വം ബോര്‍ഡാണോ സര്‍ക്കാരാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് കെ മുരളീധരന് അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡാണ് നടത്തുന്നതെങ്കില്‍ എന്തിനാണ് മന്ത്രി വാസവന്, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാന്‍ പോയത്. സ്റ്റാലിനെ ക്ഷണിച്ച സ്ഥിതിക്ക് ദക്ഷിണേന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണ്?. തെലങ്കാനയിലെ രേവന്ത് റെഡ്ഡിയും കര്‍ണാടകയിലെ സിദ്ധരാമയ്യയും ദൈവ വിശ്വാസികളാണ്. ഈ രണ്ടുപേരെയും കൂടി വിളിക്കാമായിരുന്നല്ലോയെന്ന് മുരളീധരന് ചോദിച്ചു.
ഈ രണ്ടു മുഖ്യമന്ത്രിമാര്‍ക്കും സ്റ്റാലിന്റെ സ്റ്റാറ്റസ് തന്നെയില്ലേ. അവരെ കണ്ടാല്‍ അയ്യപ്പന് എഴുന്നേറ്റ് പോകുമോ?. ക്ഷണിക്കാന്‍ പോകുന്നവര്‍ അയ്യപ്പ വിഗ്രഹം കാണുമ്പോള്‍ തൊഴുന്നവരെങ്കിലും ആകേണ്ടേ?. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈശ്വരവിശ്വാസിയാണ്. അദ്ദേഹം അടുത്തകാലത്താണ് കോണ്‍ഗ്രസില്‍ നിന്നും പോയത്. അതേസമയം ഈശ്വരവിശ്വാസിയല്ലാത്ത മന്ത്രിയെന്തിനാണ് ഈ പരിപാടിയില്‍ ക്ഷണിക്കാനായി ചെന്നൈയിലേക്ക് പോയത്?. അയ്യപ്പന്റെ നടയില്‍ തൊഴുക പോലും ചെയ്യാത്തവരാണ് ഇപ്പോള്‍ വിശ്വാസികളായി വന്നിരിക്കുന്നത്. ഇത് ഇലക്ഷന് കണ്ടുകൊണ്ടുള്ള ഏര്‍പ്പാടാണ്. ഇതിനെ ഭക്തന്മാര് തിരിച്ചറിയുമെന്നും കെ മുരളീധരന് പറഞ്ഞു.
