ശബരിമലയിൽ ജഡ്ജിയുടെ നേതൃത്വത്തിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; സ്വത്തുക്കളിൽ സമഗ്ര റിപ്പോർട്ട് നൽകാൻ നിർദേശം

 

കൊച്ചി: ശബരിമല  ശ്രീകോവിലിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞത് അടക്കമുള്ള വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിൽ അടക്കം സംശയങ്ങളുണ്ട്. അതിനാൽ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണം. അന്വേഷണത്തിന് രഹസ്യസ്വഭാവം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.


ജില്ലാ ജഡ്ജി റാങ്കിൽ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശുപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക. സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവസ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


ശബരിമല ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വം കമ്മീഷണർ കോടതിയിൽ ഹാജരായി വിവരങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടത്. സ്വർണപ്പാളി അടക്കമുള്ള കാര്യങ്ങളിൽ ഒരുപാട് ദുരൂഹതകളുണ്ട്. 2019 ൽ സ്വർണപ്പാളി സ്വർണം പൂശുന്നതിനായി കൊണ്ടുപോകുമ്പോൾ 42 കിലോ ഉണ്ടായിരുന്നത് തിരികെ കൊണ്ടു വന്നപ്പോൾ 38 കിലോയായി മാറിയെന്ന് കോടതി നിരീക്ഷിച്ചു.


2009 ൽ ആദ്യഘട്ടത്തിൽ സ്വർണം പൂശിയപ്പോൾ 30 കിലോ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകളിലടക്കം അവ്യക്തത നിലനിൽക്കുന്നുണ്ട്. സന്നിധാനത്തെ രജിസ്ട്രികൾ ഒന്നും പൂർണമല്ല. ശബരിമല സന്നിധാനത്തെ ആഭരണങ്ങൾ, ഭക്തരിൽ നിന്നും വഴിപാടായി ലഭിച്ച സ്വർണാഭരണങ്ങൾ അടക്കമുള്ളവ, സ്വത്തുവകകൾ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ രേഖകളില്ലെന്ന് ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചിരുന്നു. തിരുവാഭരണങ്ങൾ, തിരുവാഭരണ രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം, സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം. സ്വത്തു വകകൾ സംബന്ധിച്ച് റിപ്പോർട്ടിൽ കൃത്യമായ കണക്കുണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രജിസ്റ്ററുകളിൽ വ്യക്തതയില്ലെന്ന് കോടതി വിമർശിച്ചു. സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളും രജിസ്റ്ററുകളും ഇല്ലെന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ രേഖപ്പെടുത്തിയ രജിസ്റ്റർ കാണാനില്ല. സ്‌ട്രോങ് റൂം രജിസ്റ്ററിലെ സ്വർണനാണയങ്ങളുടെയും ആഭരണങ്ങളുടെയും കണക്കിലും വ്യക്തതയില്ലെന്ന് ദേവസ്വം വിജിലൻസ് ഓഫീസർ അറിയിച്ചു. അപ്പോഴാണ് ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി ദ്വാരപാലക ശില്പത്തിന്റെ ലോഹപ്പാളി തിരികെ എത്തിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഇത് തിരികെ സ്ഥാപിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നൽകി.

Previous Post Next Post