പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം അഭികാമ്യം: സുപ്രീംകോടതി


 ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തിപ്പിക്കാൻ ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി. പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കൺട്രോൾ റൂമുകൾ തുറക്കാനുള്ള നിർദേശം നൽകുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.


പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സർക്കാരുകൾ സത്യവാങ്മൂലങ്ങൾ നൽകും. എന്നാൽ ഉദ്യോഗസ്ഥർ അത് ഓഫ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കാമറ ഓഫ് ചെയ്യപ്പെടുമ്പോൾ മനുഷ്യാവകാശ ലംഘനത്തിനുള്ള സാധ്യത ഉടലെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യ ഇടപെടൽ ഒഴിവാക്കണം. തിങ്കളാഴ്ച ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


മനുഷ്യ ഇടപെടലില്ലാതെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഐഐടിയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. സിസിടിവികൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനം ഏർപ്പെടുത്തണം. പൊലീസ് സ്റ്റേഷനുകളിൽ സ്വതന്ത്ര ഏജൻസികൾക്ക് പരിശോധന നടത്താൻ അനുമതി നൽകുന്ന കാര്യവും പരിഗണനയിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Previous Post Next Post