ആലപ്പുഴ: സിപിഐ സംസ്ഥാന കൗൺസിലിൽ വൻ വെട്ടിനിരത്തൽ. ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയിൽ വൻ വെട്ടിനിരത്തൽ ഉണ്ടായിട്ടുള്ളത്.
കൊല്ലത്തു നിന്നുള്ള ജി എസ് ജയലാൽ എംഎൽഎയെ ഇത്തവണയും സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നാണ് കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാൽ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും ജയലാലിനെ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സംസ്ഥാന കൗൺസിലിന്റെ അംഗസംഖ്യ വർധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വർധിപ്പിച്ചത്. എക്സിക്യൂട്ടിവ് അംഗസംഖ്യ 15 ൽ നിന്നും 16 ആക്കി. എറണാകുളം ജില്ലയിൽ നിന്നും കെ എൻ സുഗതൻ സംസ്ഥാന കൗൺസിലിൽ ഇടംനേടി. ബാബുപോലിനെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പി കെ രാജേഷ് കൺട്രോൾ കമ്മീഷൻ അംഗമാകും. മിക്ക ജില്ലകളിൽ നിന്നും നിരവധി പുതുമുഖങ്ങൾ സംസ്ഥാന കൗൺസിലിൽ ഇടംനേടിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരുമെന്നാണ് സൂചന.
നേരത്തെ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. പ്രമുഖരായ നേതാക്കൾ ഇരുന്ന കസേരയിൽ ഇരിക്കുന്ന ബിനോയ് വിശ്വത്തിന് വ്യക്തമായ നിലപാടില്ലെന്ന് പ്രധിനിധികൾ കുറ്റപ്പെടുത്തി. പല സമയത്തും പല നിലപാടുകളാണ്. സെക്രട്ടറിക്ക് മൂന്നുനേരം മൂന്നു നിലപാടുകളാണെന്ന് കണ്ണൂരിൽ നിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇരിക്കുന്ന കസേരയുടെ വലിപ്പം ബിനോയ് വിശ്വം മനസ്സിലാക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വൈകീട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
