തിരുവനന്തപുരം: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർ' രജിസ്ട്രേഷൻ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. രാജ്യത്ത് പ്രവാസികൾക്കായി ആദ്യമായി ആരംഭിക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 6.30-ന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതിനുശേഷം ഓൺലൈനായി രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കും.
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയവുമാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. ഭാവിയിൽ ജിസിസി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പോളിസി എടുത്തശേഷം തിരികെ വരുന്ന പ്രവാസികൾക്കും പദ്ധതി തുടരാം. കേരളപ്പിറവിദിനമായ നവംബർ ഒന്നുമുതൽ പദ്ധതിയുടെ പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.
മാതാപിതാക്കളും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. മൂന്നു മക്കളെ ഇൻഷുറൻസിൽ ചേർക്കണമെങ്കിൽ അധികമായി 4130 രൂപകൂടി നൽകണം. ഒരാൾക്കുമാത്രമായി ചേരുന്നതിന് 8,101 രൂപയാണ് പ്രീമിയം. 70 വയസ്സുവരെയുള്ളവർക്ക് ചേരാം. നോർക്കയുടെ അപകട ഇൻഷുറൻസ് കം തിരിച്ചറിയൽ കാർഡുള്ളവർക്കാണ് (എൻആർകെ കാർഡ്) ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ സാധിക്കുന്നത്. എൻആർകെ കാർഡില്ലാത്തവർക്ക് ഇപ്പോൾ ഓൺലൈനിൽ(www.norkaroots.org) അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
