ആലപ്പുഴ : 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആലപ്പുഴയിൽ സെപ്റ്റംബർ എട്ടു മുതൽ നടന്നുവരുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിനോയ് വിശ്വം തന്നെ വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോർട്ടുകൾ. വൈകീട്ട് ആലപ്പുഴ ബീച്ചിൽ ( അതുൽകുമാർ അഞ്ജാൻ നഗർ) നടക്കുന്ന പൊതു സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കസ്റ്റഡി മർദ്ദനവും ഇടിമുറികളും ഇടതു നയമല്ല. കസ്റ്റഡി മർദ്ദനം അലങ്കാരമാക്കിയവരുള്ള കേരള പൊലീസ് നമ്മുടെ പൊലീസ് അല്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവർത്തന സർട്ടിഫിക്കറ്റ് കൊടുക്കുന്ന കൈ കൊണ്ട് പൊലീസിന് ഗുണ്ടാ സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. നിലവിലെ പൊലീസ് നയം മൂന്നാം ഇടതുസർക്കാരിനെ ഇല്ലാതാക്കുമെന്നും പ്രതിനിധികൾ തുറന്നടിച്ചു.
പൊലീസ് സ്റ്റേഷനുകളിൽ ആർഎസ്എസ് ഫ്രാക്ഷനുകളുണ്ട്. പൂരം കലക്കിയ എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കരുതായിരുന്നു. ബിജെപിക്ക് അജിത് കുമാറുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യത്തിന് കാരണം. മുഖ്യമന്ത്രിക്ക് മുന്നിൽ സിപിഐ നേതൃത്വം ഭവ്യതയോടെ നിൽക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് തുറന്നു പറയാൻ ശേഷിയില്ലാത്ത ബിനോയ് വിശ്വം തോൽവിയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
മുതിർന്ന പല പ്രമുഖ നേതാക്കളും ഇരുന്ന കസേരയാണിതെന്ന് സംസ്ഥാന സെക്രട്ടറി മനസ്സിലാക്കണം. വാക്കിലും നിലപാടിലും ബിനോയ് വിശ്വത്തിന് വ്യക്തതയില്ല. പാർട്ടി നയം പുറത്ത് പറഞ്ഞ് ഫലിപ്പിക്കുന്നതിൽ ബിനോയ് വിശ്വം പരാജയമാണെന്നും പ്രവർത്തന റിപ്പോർട്ടിലെ പൊതുചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പൊലീസ് ബന്തവസ്സിൽ പാർട്ടി സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതിനെയും പ്രതിനിധികൾ വിമർശിച്ചു.
'കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതാണോ ?'
കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിന് വരുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും പൊലീസ് അകമ്പടി? . ഇതു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതാണോയെന്നും പ്രതിനിധികൾ ചോദിച്ചു. സമ്മേളന പ്രതിനിധികളെ പൊലീസ് മെറ്റൽ ഡിറ്റക്ടറിലൂടെയാണ് കടത്തി വിട്ടിരുന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി സിപിഐയുടെ പേരു പോലും ഉച്ചരിച്ചില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. അധികാരത്തിലേറ്റിയ അടിസ്ഥാനവർഗത്തെ മറന്ന് സർക്കാർ മധ്യവർഗത്തിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. വികസനത്തോടൊപ്പം ക്ഷേമത്തിനും ഊന്നൽ നൽകണം. സർക്കാറിന്റെ ഫോക്കസ് മാറിപ്പോകുന്നത് ചൂണ്ടിക്കാട്ടാൻ പോലും സിപിഐ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും പ്രതിനിധികൾ ചർച്ചയിൽ വിമർശനമുന്നയിച്ചു.
