കൊച്ചി: നടിയെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകന് ജാമ്യം അനുവദിച്ചത്.
നടിയുടെ പരാതിയിൽ ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്നു മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സനൽ കുമാർ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. സനൽ കുമാർ ശശിധരന്റെ മൊബൈൽ ഫോൺ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സനൽ കുമാർ ശശിധരനെ കൊച്ചിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നൽകിയത്. ചോദ്യം ചെയ്യലിന് ശേഷമാണ് സംവിധായകനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. തനിക്കെതിരെയുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്ന് സംവിധായകൻ പറഞ്ഞു.
നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്ന് ഞായഴാഴ്ചയാണ് സനൽ കുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ സനൽകുമാർ ക്ഷുഭിതനായാണ് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ഇയാൾ, പ്ലാറ്റ്ഫോമിൽ വീഴുകയും ചെയ്തു.
'എന്തിനാണ് ഇവർ ഇത് ചെയ്യുന്നത് ? ഞാൻ എന്താ കൊലക്കുറ്റം ചെയ്തോ. ഞാൻ മോഷ്ടിച്ചോ?. ഞാൻ ഖജനാവ് കൊള്ളയടിച്ചോ?. ഞാൻ മാസപ്പടി വാങ്ങിയോ?. ഞാൻ പ്രേമിച്ചു. രണ്ടു പേർ തമ്മിൽ പ്രേമിച്ചാൽ കുറ്റമാണോ?. ഒരാളെ സ്നേഹിച്ചത് ആണോ ഞാൻ ചെയ്ത കുറ്റം?. ഒരു സ്ത്രീയെ തടവിൽ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവർ ഇത് ചെയ്യുന്നത്' - സനൽ കുമാർ ശശിധരൻ പറഞ്ഞു.
പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർക്ക് നടി ഇ- മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിനു മൊഴി നൽകിയതാണ്. കേസെടുക്കുമ്പോൾ സനൽ കുമാർ യുഎസിൽ ആയിരുന്നു. സനൽ കുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. തടഞ്ഞ കാര്യം കഴിഞ്ഞദിവസം സനൽ കുമാർ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽകുമാർ ഒട്ടേറെ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
