നെഹ്റു ട്രോഫി വള്ളംകളി: രണ്ടാം സ്ഥാനക്കാരെ പ്രഖ്യാപിച്ചില്ല, പുന്നമട ബോട്ട് ക്ലബ് കളക്ടര്‍ക്ക് പരാതി നല്‍കി

71-ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതില്‍ പരാതി. പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടർക്ക് പരാതി നല്‍കി.

പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. ഫിനിഷിങ് ഒരു സെക്കന്‍റില്‍ താഴെ വ്യത്യാസത്തിലാണ്.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് പുന്നമട ബോട്ട് ക്ലബ്‌ പ്രതികരിച്ചു. ട്രോഫി നല്‍കാത്തത് ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഫൈനലിന് മുൻപ് ചീഫ് ഒബ്സർവർ പരിശോധന നടത്തിയിരുന്നു. വ്യാജ പരാതിയുടെ പേരില്‍ ട്രോഫി തടഞ്ഞു വെയ്ക്കരുതെന്നും പുന്നമട ബോട്ട് ക്ലബ് ആവശ്യപ്പെട്ടു.

പുന്നമട ബോട്ട് ക്ലബ്‌ അനധികൃതമായി ഇതര സംസ്ഥാനത്തെ തുഴച്ചിലുകാരെ തിരുകി കയറ്റിയെന്നായിരുന്നു പരാതി. മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരിത്തി ബോട്ട് ക്ലബ്‌ ആണ് പരാതി നല്‍കിയത്. പരാതി വന്ന സാഹചര്യത്തില്‍ രണ്ട്, മൂന്ന് സ്ഥാനത്തെ ഫലം പ്രഖ്യാപിച്ചിരുന്നില്ല. നിരണം ചുണ്ടനെതിരെയും മറ്റു ടീമുകള്‍ പരാതി നല്‍കിയിരുന്നു.

കപ്പടിച്ചത് വീയപുരം ചുണ്ടൻ

നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച്‌ വീയപുരം ചുണ്ടനാണ്. വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിന്‍റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.

ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, 4ാം ട്രാക്കില്‍ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തില്‍ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനും എത്തി. വീയപുരം - 4:21.084, നടുഭാഗം - 4.21.782, മേല്‍പ്പാടം - 4.21.933, നിരണം - 4:22.035 എന്നിങ്ങനെയാണ് ഫിനിഷിങ് പോയിന്റില്‍ എത്തിച്ചേരാനെടുത്ത സമയം.

21 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങും ഫിനിഷിങും ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാൻ ഇത്തവണ വെർച്വല്‍ ലൈനോടു കൂടിയ ഫിനിഷിങ് സംവിധാനമാണ് ഏർപ്പെടുത്തിയത്.
Previous Post Next Post