യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലയായ 207.41 മീറ്ററിലെത്തിയതോടെ നദീതീരങ്ങളില്‍ വെള്ളപ്പൊക്കം.
ദില്ലി നഗരത്തിലെ നദീതീരത്തെ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. രാത്രി 9 മണിയോടെയാണ് മിക്കയിടത്തും വെള്ളം കയറിയത്. 1978 ലും 2023 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു യമുന നദിയിലെ ജലനിരപ്പ് റെക്കോർഡ് നിലയിലേക്ക് ഉയർന്ന മറ്റ് രണ്ട് സാഹചര്യം. യമുന ബസാർ, ഗീത കോളനി, മജ്നു കാ തില, കശ്മീരി ഗേറ്റ്, ഗർഹി മണ്ടു, മയൂർ വിഹാർ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതുവരെ 14,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്. ഐടിഒ, മയൂർ വിഹാർ, ഗീത കോളനി എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.
ഔട്ടർ റിംഗ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഐടിഒയില്‍ നിന്ന് റിംഗ് റോഡിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. വാസുദേവ് ഘട്ട്, മൊണാസ്ട്രി മാർക്കറ്റ്, ഓള്‍ഡ് ദില്ലി റെയില്‍വേ പാലം എന്നിവ അടച്ചിട്ടു. നിഗംബോധ് ഘട്ടിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയർന്നാല്‍ ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു. വസീറാബാദ്, ഹത്നികുണ്ഡ് ബാരേജുകളില്‍ നിന്ന് ഓരോ മണിക്കൂറിലും ഉയർന്ന അളവില്‍ വെള്ളം തുറന്നുവിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കേന്ദ്ര വെള്ളപ്പൊക്ക നിയന്ത്രണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ വടക്ക്, വടക്ക് കിഴക്ക്, ഷഹ്ദാര, കിഴക്ക്, മധ്യ, തെക്ക് കിഴക്കൻ ജില്ലകള്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2023-ല്‍ നഗരം കടുത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായി ഉയർന്നു. 1978-ല്‍ ജലനിരപ്പ് 207.49 മീറ്ററിലെത്തി. 2010-ല്‍ ജലനിരപ്പ് 207.11 മീറ്ററായും 2013-ല്‍ 207.32 മീറ്ററായും ഉയർന്നു. ഓഖ്‌ല അണക്കെട്ടില്‍ നിന്നുള്ള വെള്ളം പുറന്തള്ളുന്നത് നിരീക്ഷിക്കുന്നതിനായി നഗരത്തിലെ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ഉത്തർപ്രദേശിലെ ജലസേചന വകുപ്പുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ തടയുന്നതിനായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും യമുനയ്ക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്ബുകളിലും കീടനാശിനി തളിക്കാൻ പൊതുജനാരോഗ്യ വകുപ്പിനോട് നഗരസഭ നിർദ്ദേശിച്ചു.