പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നില്ല; കേരള ഹൈക്കോടതി

പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി. അന്ധനും ഭിക്ഷാടകനുമായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 39 കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

കുടുംബക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുറ്റിപ്പുറം സ്വദേശിയായ 49 കാരനെതിരെ ആണ് യുവതി കോടതിയെ സമീപിച്ചത്. താന്‍ രണ്ടാമത്തെ ഭാര്യയാണെന്നും തലാഖ് ചൊല്ലി വീണ്ടും വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടെന്നുമായിരുന്നു യുവതിയുടെ ആരോപണം.

ഭര്‍ത്താവ് ഭിക്ഷാടനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നു വ്യക്തിയാണെന്നും, അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്ക് വേണം എന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ ആവശ്യം നേരത്തെ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു. തന്റെ ഭര്‍ത്താവ് ഒരു യാചകനാണെന്ന് സമ്മതിക്കുമ്ബോള്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ഒരു കോടതിക്കും നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു കുടുംബ കോടതിയുടെ വിധി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

കുടുംബ കോടതിയുടെ ഉത്തരവിന് സമാനമായി ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ യാചകനോട് കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഭാര്യമാര്‍ക്ക് നീതി ലഭ്യമാകണമെന്നും വിലയിരുത്തി. കേരളത്തില്‍ ആരും ഉപജീവനത്തിനായി യാചിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും കോടതിയുടെയും കടമയാണ്, അത്തരമൊരു വ്യക്തിക്ക് കുറഞ്ഞത് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. ഈ സംഭവത്തില്‍ ഹര്‍ജിക്കാരിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിപടികള്‍ സ്വീകരിക്കണം. തുടര്‍നടപടികള്‍ക്കായി കോടതി ഉത്തരവ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് അയക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.
Previous Post Next Post