'സെർച്ച് കമ്മിറ്റി റിപ്പോർട്ട് വരട്ടെ'; വിസി നിയമനത്തിൽ ഗവർണറുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവർണർക്ക് തിരിച്ചടി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവർണറുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി നിയോഗിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശ ലഭിച്ചശേഷം ഗവർണറുടെ അപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വിസി നിയമന പ്രക്രിയ ആരംഭിച്ചതിനിടെയാണ്, നിയമനപ്രക്രിയയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും, മുൻ ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഗവർണർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്നുമുള്ള അപേക്ഷയും സമർപ്പിച്ചിരുന്നു. ഇതാണ് അറ്റോർണി ജനറൽ സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്.


നിലവിൽ സെർച്ച് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അതിനാൽ കോടതി ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കട്ടെ. അതിനുശേഷം ഗവർണറുടെ വാദം കേൾക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിച്ച കാര്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അപേക്ഷ പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു.

Previous Post Next Post