ലോകത്ത് നടക്കുന്നതൊന്നും അറിയാത്ത, സദാസമയവും ഫോണില്‍ കുത്തിയിരിക്കുന്ന പിള്ളേർ...!
Gen Z. ഇത്രയും നിസാരവ്തകരിക്കപ്പെട്ട മറ്റൊരു തലമുറ ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍, ഈ ചിന്തയെ മാറ്റിമറിക്കാൻ അവർക്ക് ഒരു ദിവസം പോലും വേണ്ടിവന്നില്ല. അതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഇപ്പോള്‍ നേപ്പാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൂണ്ടിക്കാട്ടാൻ ഒരു നേതാവില്ലാതെ, അണിചേരാൻ ഒരു പതാകയില്ലാതെ, ഒരു രാജ്യത്തെ മുഴുവൻ നിയമസംവിധാനങ്ങളെയും സമരച്ചൂടിന്റെ മുള്‍മുനയില്‍ നിർത്തിയിരിക്കുകയാണ്, ലോകം നിർഗുണരെന്ന് എഴുതിത്തള്ളിയ ഒരു തലമുറ.. ജെൻ സീ പിള്ളേർ.
തലമുറകളായി നാം കണ്ടുവന്ന സമരരീതികളില്‍നിന്നു തികച്ചും വ്യത്യസ്തമായി, നമുക്ക് പരിചിതമല്ലാത്ത അവകാശങ്ങള്‍ക്കായി, ഒരു പ്രത്യയശാസ്ത്രത്തേയും രാഷ്ട്രീയ പാർട്ടിയേയും നേതാവിനേയും കൂട്ടുപിടിക്കാതെ നേപ്പാളിലെ ജെൻ സീ കൂട്ടായി ഒരു സമരം നയിക്കുകയാണ്. ഒരുപാട് ഓണം കൂടുതല്‍ ഉണ്ണുന്നതിലല്ല കാര്യം, നമുക്ക് വേണ്ടി നാം എന്തുചെയ്യണം എന്ന ചിന്തയാണ്, അതിനുവേണ്ടി പ്രവർത്തിക്കുന്നതിലാണ് കാര്യമെന്ന വസ്തുത അവർ സ്പഷ്ടമായി അടിവരയിടുകയാണ്.
ആ മൊബൈലില്‍നിന്ന് തലയുയർത്തി ചുറ്റുമുള്ള ലോകം കാണൂ എന്ന് പറഞ്ഞവരോട്, അതേ മൊബൈലിലൂടെ തങ്ങള്‍ കണ്ടിരുന്ന ലോകം തിരിച്ചുകിട്ടുന്നതിന് വേണ്ടിയുള്ള സമരം ആരംഭിച്ചാണ് അവർ മറുപടി നല്‍കിയത്. സെപ്റ്റംബർ നാല്, വ്യാഴാഴ്ചയാണ് നേപ്പാള്‍ സർക്കാർ ആ ഉത്തരവ് കൊണ്ടുവന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്‌ആപ്പ്, എക്സ്, റെഡ്ഡിറ്റ് തുടങ്ങി 26 സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സർക്കാർ നിർത്തിവെച്ചു. ഒരു തലമുറയുടെ വിവരങ്ങളുടെയും ആശയവിനിമയത്തിന്റെയും ജീവനാഡികളായിരുന്നു അവ എന്ന് തിരിച്ചറിയാൻ അവർ കുറച്ച് വൈകിപ്പോയി.
പ്ലാറ്റ്ഫോമുകള്‍ പുതിയ രജിസ്ട്രേഷൻ നിയമങ്ങള്‍ പാലിച്ചിട്ടില്ല എന്നുമാത്രം സർക്കാർ പറഞ്ഞു. എന്നാല്‍. ഈ മറുപടി ജെൻ സീക്ക് തൃപ്തികരമായില്ല. വ്യക്തമായ ഔദ്യോഗിക വിശദീകരണം നല്‍കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. അല്ലെങ്കില്‍, അവരതിനെ വേണ്ടവിധം ഗൗനിച്ചില്ല എന്നുവേണം കരുതാൻ. പക്ഷേ, അക്കാര്യം സർക്കാരിന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ തന്നെ ജെൻ സീ തീരുമാനിച്ചു. അഴിമതിയേയും തലമുറ രാഷ്ട്രീയത്തേയും കുറിച്ചുള്ള രോഷത്തോടെയുള്ള മുറുമുറുപ്പുകള്‍ക്കൊപ്പം തങ്ങളുടെ ക്ലാസ്സ് മുറികളും ചെറിയ ജോലികളും പ്രണയവും രാഷ്ട്രീയവേദികളും എല്ലാം ഒറ്റരാത്രികൊണ്ട് എറർ സ്ക്രീനുകളിലേക്ക് അപ്രത്യക്ഷമായതിനെതിരെ അവർ ആഞ്ഞടിച്ചു.
ജെൻ സീയുടെ നിശ്ശബ്ദത ഒരു ഗർജ്ജനമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. സെപ്റ്റംബർ എട്ടിന്, കാഠ്മണ്ഡു മുമ്ബൊരിക്കലും കണ്ടിട്ടില്ലാത്ത ഒന്നിന് സാക്ഷ്യം വഹിച്ചു. ഏതാണ്ട് പൂർണ്ണമായും ജെൻ സീ തലമുറയുടേത് മാത്രമായ, അവരാല്‍ നയിക്കപ്പെട്ട ഒരു പ്രതിഷേധം. ഇത് കാഠ്മണ്ഡുവിന് മാത്രമല്ല, ലോകത്തിനു തന്നെ പുതിയൊരു കാഴ്ചയാണ്. പാർട്ടികളുടെ യുവജന വിഭാഗങ്ങളല്ല. പുതിയ മുദ്രാവാക്യങ്ങളുമായി പഴയ മുഖങ്ങളുമല്ല. ഇരുപതുകളിലുള്ള കൗമാരക്കാരും, സ്വതന്ത്രരായി ജോലി ചെയ്യുന്നവരും ആർട്ടിസ്റ്റുകളും ഇന്റർനെറ്റിന്റെ ലോകത്ത്, ലോകത്തിലെ ഏറ്റവും വലിയ പൊതുവേദിയായ ഓണ്‍ലൈനില്‍, ഓണ്‍ലൈനായി വളർന്ന സാധാരണക്കാരായ കുട്ടികള്‍, അവരാണ് സമരമുഖത്തുള്ളത്. സർക്കാരിന്റെ ഉത്തരവ് തങ്ങളുടെ ഡിജിറ്റല്‍ ശ്വാസം സ്തംഭിപ്പിച്ചതായി അവർ വിശ്വസിക്കുന്നു.
സെപ്റ്റംബർ ഒമ്ബതിലെ കണക്കനുസരിച്ച്, സമരത്തില്‍ ഇതുവരെ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചിട്ടുണ്ട്. 'അന്തിമവിപ്ലവം - ഞങ്ങള്‍ തിരിച്ചടിക്കുന്നു' എന്നാണ് പുതിയ കാലത്തിന്റെ പ്രതിഷേധക്കാർ ഈ സമരത്തെ വിളിക്കുന്നത്. മതിഗഢ് മുതല്‍ ബാനേശ്വർ വരെയും, പൊഖാറ മുതല്‍ ബിരാട്നഗർ വരെയും മുഴങ്ങി കേള്‍ക്കുന്ന മൂർച്ചയേറിയ മുദ്രാവാക്യമാണിത്.
രാജവാഴ്ച അവസാനിച്ചതിനു ശേഷം, 17 വർഷത്തിനിടെ 13 സർക്കാരുകളാണ് നേപ്പാളില്‍ മാറിമാറി വന്നത്. നേപ്പാളികള്‍ മുമ്ബും പ്രതിഷേധിച്ചിട്ടുണ്ട്. രാജാക്കന്മാർക്കെതിരെ, പാർട്ടികള്‍ക്കെതിരെ, ഭരണകർത്താക്കള്‍ക്കെതിരെ. പക്ഷേ ഇത്? ഇത് വ്യത്യസ്തമാണ്. ഏറ്റവും പ്രായം കുറഞ്ഞ പൗരന്മാരായ ജെൻ സീ തലമുറ സ്വന്തമായി ഒരു മുന്നേറ്റം സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. അവരുടെ ആവശ്യങ്ങള്‍ പ്രത്യയശാസ്ത്രത്തില്‍ പൊതിഞ്ഞതല്ല. അവർക്ക് രാജവാഴ്ച തിരികെ വേണ്ട, അവർ ഇടതിനോ വലതിനോ വേണ്ടി മുദ്രാവാക്യം വിളിക്കുന്നുമില്ല. അവരുടെ രാഷ്ട്രീയം ലളിതവും മൂർച്ചയേറിയതുമാണ്.
സുതാര്യത, ഉത്തരവാദിത്തം, അന്തസ്സ്. എല്ലാത്തിനുമൊപ്പം സ്വന്തം മൊബൈല്‍ സ്ക്രോള്‍ ചെയ്യാനുള്ള അവകാശവും അവർ ചോദിച്ചുവാങ്ങുകയാണ്. മുതിർന്ന തലമുറയ്ക്ക് ഇത് നിസ്സാരമായി തോന്നാമെങ്കിലും ഡിജിറ്റല്‍ ലോകത്ത് ജനിച്ച ജെൻ സീക്ക് ഇന്റർനെറ്റ് നഷ്ടപ്പെടുന്നത് ഭാഷ തന്നെ നഷ്ടപ്പെടുന്നതിന് തുല്യമാണ്.
ഈ പ്രതിഷേധം ആഴത്തിലുള്ള ഒരു കാര്യം വെളിപ്പെടുത്തുന്നു: ജെൻ സി രാഷ്ട്രീയം, ഒരിക്കലും അവരുടെ മാതാപിതാക്കളുടെ രാഷ്ട്രീയത്തെപ്പോലെ ആയിരിക്കില്ല. അത് പാർട്ടി ഓഫീസുകളിലോ പ്രകടന പത്രികകളിലോ കുടുങ്ങിക്കിടക്കില്ല. അത് അതിവേഗം മാറിക്കൊണ്ടിരിക്കും. അതിനേക്കാളൊക്കെ ഉപരി, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാൻ അവർക്ക് നേതാക്കളെ ആവശ്യമില്ല എന്നതാണ്. ഇത് ലോകത്തിനാകെ ഒരു പുതിയ നിരീക്ഷണവും പാഠവുമാണ്.
സർക്കാർ നിസ്സാരമായി കണ്ട ജെൻ സീ പ്രതിഷേധങ്ങളിലെ അക്രമം എല്ലാ പരിധികളും ലംഘിച്ച് മുന്നേറുകയാണ്. കാഠ്മണ്ഡുവില്‍ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുൻപ് സ്കൂള്‍ കുട്ടികളും ജോലിക്ക് പോകുന്നവരും കമ്ബോളങ്ങളും വാഹനങ്ങളും നിറഞ്ഞിരുന്ന തെരുവുകളില്‍ ഇന്ന് സൈന്യം പട്രോളിംഗ് നടത്തുകയാണ്. ഈ പ്രതിഷേധങ്ങളെ സമാനതകളില്ലാത്ത ഒന്നാക്കി മാറ്റുന്നത് അതിലെ അക്രമവും വ്യാപ്തിയുമല്ല, മറിച്ച്, നമ്മള്‍ കണ്ടുശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിരോധത്തിന്റെ തികച്ചും പുതിയ ഭാഷയാണ്.
നേപ്പാളില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ നേതാക്കളില്ല, കാരണം നേതൃത്വം തങ്ങളെ പലപ്പോഴായി പരാജയപ്പെടുത്തിയതായി ജെൻ സീ വിശ്യസിക്കുന്നു. ഈ സമരങ്ങളില്‍ എവിടെയും പ്രസംഗങ്ങളില്ല, കലയെ പ്രതിഷേധമായും സർഗ്ഗാത്മകതയെ ധിക്കാരമായും കവിതകളെയും പാട്ടുകളെയും മീമുകളെയും പ്ലക്കാർഡുകളായും മാറ്റിയിരിക്കുന്നു അവർ. ഡിജിറ്റല്‍ രോഷവും തെരുവിലിറങ്ങാനുള്ള ധൈര്യവുമാണ് അവരുടെ മുഖമുദ്രകള്‍. തങ്ങള്‍ പഠിച്ചിരുന്ന, പ്രതികരിച്ചിരുന്ന, വിഹരിച്ചിരുന്ന പ്ലാറ്റ്ഫോമുകള്‍ അധികാരികള്‍ നിശബ്ദമാക്കിയപ്പോള്‍ അവർ തകർന്നില്ല. പകരം, അവർ തെരുവിലിറങ്ങി.
ഇന്റർനെറ്റ് എന്ന അതിരുകളില്ലാത്ത പൊതു ഇടത്തില്‍ വളർന്ന ഒരു തലമുറയുടെ രാഷ്ട്രീയമാണിത്. നിങ്ങള്‍ മനസില്‍ കാണുമ്ബോള്‍ ഞങ്ങള്‍ക്കത് മാനത്ത് കാണാൻ കഴിയും എന്ന് വിശ്വസിക്കുന്ന, അത് തെളിയിച്ച ഒരു തലമുറയാണിത്. നേപ്പാളിലെ രാഷ്ട്രീയ രാജവംശങ്ങളെ, അവരുടെ പിന്മുറക്കാരെ, 'നെപ്പോ ബേബീസ്' എന്നാണ് ജെൻ സി വിളിക്കുന്നത്. അവരോടുള്ള പുതുതലമുറക്കാരുടെ താല്‍പര്യക്കുറവ് പാഠപുസ്തകങ്ങളില്‍നിന്ന് ഉണ്ടായതല്ല. അത് ഇന്റർനെറ്റിലൂടെ അവർ കണ്ട ലോകത്തെ സംബന്ധിച്ച വലിയ ധാരണയില്‍നിന്ന് വന്നതാണ്. അതുകൊണ്ടുതന്നെയാണ് ജെൻ സീയുടെ രാഷ്ട്രീയം പഴയ വ്യവസ്ഥകളെ അപകടത്തിലാക്കുന്നതും. അത് തല്‍ക്ഷണവും വികേന്ദ്രീകൃതവും സ്വാധീനിക്കാൻ കഴിയാത്തതുമാണ്.
നേപ്പാളിലെ പ്രതിഷേധങ്ങള്‍ ദക്ഷിണേഷ്യയിലെ അസ്ഥിരതയുടെ ഒരു അടിക്കുറിപ്പല്ല. അവ ജെൻ സീയില്‍ നിന്നുള്ള ഒരു ആഗോളസന്ദേശമാണ്. ഞങ്ങളെ ഓണ്‍ലൈനില്‍ നിശ്ശബ്ദരാക്കിയാല്‍ ഞങ്ങള്‍ തെരുവുളില്‍ നിറയും. ഈ പുതിയ ബോധ്യം നേപ്പാളില്‍ മാത്രം ഒതുങ്ങുന്നതല്ല. യൂറോപ്പിലെ കാലാവസ്ഥാ മാർച്ചുകള്‍ മുതല്‍ യുഎസിലെ കാമ്ബസ് പ്രതിഷേധങ്ങള്‍ വരെ, ജെൻ സീ തങ്ങളുടെ ധിക്കാരത്തിന്റെ വ്യക്തിഗത കലയെ നിർവചിക്കുകയാണ്. എന്നാല്‍, നേപ്പാള്‍ വ്യത്യസ്തമായ ഒരു ചിത്രം നല്‍കുന്നു. ഉന്നതരായ നേതാക്കളോ കർക്കശമായ പ്രത്യയശാസ്ത്രങ്ങളോ ഇല്ലാതെ, പൂർണമായും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തലമുറ നയിക്കുന്ന രാജ്യവ്യാപകമായ രോഷം.
അവർ 'എന്തിനെതിരെ' പോരാടുന്നു എന്നതു മാത്രമല്ല, 'എന്തിനുവേണ്ടി' പോരാടുന്നു എന്നതും ഈ സമരത്തെ പ്രാധാന്യമുള്ളതാക്കുന്നു. രാഷ്ട്രീയമായി നിലനില്‍ക്കാനുള്ള അവകാശം, അതും സ്വന്തം നിബന്ധനകളില്‍ ഊന്നി മാത്രം. ഇത് നേതാക്കളില്ലാത്ത മുന്നേറ്റങ്ങള്‍ക്ക് ഒരു മികച്ച മാതൃകയാണ്. പല ശ്രേണികളില്‍ പെട്ടുപോകാതെ ഒരു പ്രതിഷേധത്തിന് എങ്ങനെ തഴച്ചുവളരാൻ കഴിയുമെന്ന് ഈ സമരം കാണിച്ചുതരുന്നു.
നേപ്പാളിലെ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുള്ള സർക്കാരുകള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത കൂടി ഈ സമരം മുന്നോട്ടുവക്കുന്നുണ്ട്. അടിച്ചമർത്തല്‍ ഒരു ദിവസത്തേക്കുള്ള നിശബ്ദത തന്നേക്കാം, പക്ഷേ ജെൻ സീ തലമുറ വളരെ അധികം ബന്ധങ്ങളുള്ളവരും വേഗതയേറിയവരും മായ്ച്ചുകളയാൻ കഴിയാത്തത്ര ആഗോള സ്വഭാവമുള്ളവരുമാണ്. 'വളരെ ചെറുപ്പമാണ്' അല്ലെങ്കില്‍ 'വളരെ നിഷ്കളങ്കമാണ്' എന്നുപറഞ്ഞ് അവരുടെ ശബ്ദങ്ങളെ തള്ളിക്കളയുന്നത് സ്വന്തം ശവപ്പെട്ടിക്ക് മേലുള്ള ആണിയടിക്കലാണ് എന്ന ഓർമപ്പെടുത്തലാണ് ഈ പുതുതലമുറ സമരം.
ജെൻ സീ രാഷ്ട്രീയം ഒരുപക്ഷേ പക്വതയില്ലാത്തതും കുഴഞ്ഞുമറിഞ്ഞതും ചിലപ്പോള്‍ താറുമാറായതുമായിരിക്കാം. എന്നിരുന്നാലും, അത് സജീവമാണ്. അവർക്ക് ഇതുവരെ പ്രകടന പത്രികകളോ നേതാക്കളോ ഓഫീസുകളോ ഇല്ലായിരിക്കാം. പക്ഷേ, പഴയ തലമുറയേക്കാള്‍ കൂടുതല്‍ അപകടകരമായ ഒന്ന് അവരുടെ പക്കലുണ്ട്. തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കാനുള്ള വിസമ്മതം.
ഡിജിറ്റല്‍ ഭരണം, സ്വകാര്യതയ്ക്കുള്ള അവകാശം, പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം എന്നിവ ലോകത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ജെൻ സീ കണ്ടിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം നിരോധിക്കുന്നത് തിരിച്ചടിക്ക് വഴിവെയ്ക്കും. നേപ്പാളിലെ യുവജനങ്ങളുടെ കലാപം ഭയപ്പെടുത്തുന്നതും അതേസമയം പലർക്കും പ്രചോദനം ആയേക്കാവുന്നതുമാണ്. ഇവിടെ പഠിക്കാനുള്ള പാഠം സംവാദത്തില്‍ വിശ്വസിക്കുക എന്നതാണ്; അല്ലാതെ അടിച്ചമർത്തല്‍ എന്ന ഭരണകൂടത്തിന്റെ പ്രാകൃതരീതിയല്ല എന്നതാണ്.