തിരുവനന്തപുരം: കസ്റ്റഡി മർദ്ദനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. അടിയന്തര പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് എംഎൽഎ റോജി എം ജോൺ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. 1977 മാർച്ച് 30 ന് ഈ നിയമസഭയിലെ ഒരംഗം, മുമ്പ് കേരള നിയമസഭയിൽ നടത്തിയ വൈകാരിക പ്രസംഗത്തിന്റെ ഒരു ഭാഗം വായിക്കാം എന്നു പറഞ്ഞാണ്, താൻ നേരിട്ട ക്രൂര പൊലീസ് കസ്റ്റഡി മർദ്ദനം സംബന്ധിച്ച പിണറായിയുടെ പ്രസംഗം വായിച്ചത്.
ആ അംഗം ഇന്ന് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ, അദ്ദേഹത്തിന് കീഴിലുള്ള കേരള പൊലീസ്, സുജിത്ത് എന്ന 29 കാരനെ മൃഗീയമായി തല്ലിച്ചതച്ചു എന്ന് വിശ്വസിക്കാൻ സാധിക്കുമോയെന്ന് റോജി എം ജോൺ ചോദിച്ചു. എന്നാൽ ആ മൃഗീയമായ പൊലീസ് മർദ്ദനത്തിന്റെ ഭീകര സിസിടിവിദൃശ്യങ്ങൾ നമ്മളെല്ലാം കണ്ടു. തൃശൂർ പൂരത്തിന്റെ വീഡിയോ കണ്ടിരുന്ന ചെറുപ്പക്കാരും പൊലീസും തമ്മിൽ തർക്കത്തിലേർപ്പെട്ടു. അവർ പ്രാദേശിക നേതാവായ സുജിത്തിനെ വിളിച്ചു. ഇതേത്തുടർന്ന് സുജിത്ത് സ്ഥലത്തെത്തി.
പ്രധാനമന്ത്രിയേയും മന്ത്രിമാരെയുമൊക്കെ ചോദ്യം ചെയ്യാൻ അവകാശമുള്ള ഒരു ജനാധിപത്യ രാജ്യത്തിൽ, നികുതിപ്പണത്തിൽ നിന്നും ശമ്പളം മേടിക്കുന്ന പൊലീസുകാരെ ചോദ്യം ചെയ്യാൻ സാധാരണ പൗരന് അവകാശമുണ്ടെന്ന് സുജിത്ത് തെറ്റിദ്ധരിച്ചുപോയി. പ്രശ്‌നം എന്താണെന്ന് സുജിത്ത് ചോദിച്ചപ്പോൾ നീയാരെടാ അതു ചോദിക്കാനെന്നും, നീ അധികം നേതാവു കളിക്കേണ്ട എന്നു പറഞ്ഞ് തട്ടിക്കയറി. 'രാജഭരണകാലത്ത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത രാജാവിന്റെ പടയാളികളാണ് ഈ യൂണിഫോമിട്ട പൊലീസുകാരെന്ന് ആ പാവം കരുതിയില്ല'. റോജി എം ജോൺ മുഖ്യമന്ത്രിയെ പരിഹസിച്ചു.
ദേഹത്തു തൊട്ടു കളിക്കേണ്ട, കാര്യം പറഞ്ഞാൽ മനസ്സിലാകുമെന്ന് പറഞ്ഞതോടെ, സുജിത്തിനെ ബലമായി പൊലീസ് ജീപ്പിൽ കയറ്റി മർദ്ദിക്കുകയായിരുന്നു. വാഹനത്തിലിട്ടും, പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയും ക്രൂരമായി മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങൾ കണ്ടു. സിസിടിവി ഇല്ലാത്ത സ്ഥലത്തു കൊണ്ടുപോയും മർദ്ദിച്ചു. 45 ലേറെ തവണയാണ് അഞ്ചു പൊലീസുകാർ ചേർന്ന് സ്റ്റേഷനകത്ത് മൃഗീയമായി മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുക്കാൻ പോലും കൂട്ടാക്കിയില്ല. സുജിത്തിനെതിരെ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാൻ ഗൂഢാലോചന നടത്തിയ ക്രിമിനൽ സംഘമാണ് പൊലീസുകാരെന്ന് റോജി എം ജോൺ പറഞ്ഞു.
സുജിത്തിനെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ജനങ്ങൾ കണ്ടതിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ നടപടിയെടുത്തത്. മുമ്പ് സ്ഥലംമാറ്റിയെന്നാണ് പറഞ്ഞത്. ട്രാൻസ്ഫർ ഒരു പണിഷ്‌മെന്റാണോ?. സെക്രട്ടേറിയറ്റിലെ ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലേക്ക് മാറ്റിയെന്ന് പറയുന്നതു പോലെയാണത്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശിധരൻ, സജീവൻ, സന്ദീപ് എന്നിവർ കേരള പൊലീസിന് അപമാനമാണെന്നും, ഇവരെ ഒരു നിമിഷം പോലും വൈകാതെ സേനയിൽ നിന്നും പിരിച്ചു വിടണമെന്നും റോജി ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാൻ പൊലീസ് എന്തൊരു പെടാപ്പാടാണ് പെട്ടത്. കേസ് ഒതുക്കി തീർക്കാൻ സുജിത്തിന് 20 ലക്ഷം രൂപ നൽകാമെന്നുവരെ പറഞ്ഞു. എന്തൊരു നാണക്കേടാണ് ഇതെല്ലാം. പീച്ചിയിലെ കസ്റ്റഡി മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. കേസ് ഒത്തു തീർക്കാൻ 5 ലക്ഷം രൂപ കൊടുക്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. പിണറായിയുടെ ജനകീയസേന സിസിടിവിക്ക് മുന്നിൽ കാശെണ്ണി മേടിക്കുന്നത് ജനങ്ങൾ കണ്ടു. അഞ്ചു ലക്ഷം മേടിച്ചപ്പോൾ അതിൽ രണ്ടു ലക്ഷം പരാതിക്കാരനും മൂന്നു ലക്ഷം പൊലീസിനും. ജനകീയസേനയുടെ കമ്മീഷൻ 60 ശതമാനമാക്കി വർധിപ്പിച്ച പൊലീസാണ് കേരളത്തിലുള്ളത്. ആ ജനകീയസേനയ്ക്ക് നേതൃത്വം കൊടുത്ത എസ്‌ഐ രതീഷിനെ സർക്കിൾ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം കൊടുത്ത സർക്കാരും ആഭ്യന്തര വകുപ്പുമാണ് ഇപ്പോഴുള്ളതെന്ന് റോജി എം ജോൺ പറഞ്ഞു.
കുണ്ടറയിലെ തോംസൺ തങ്കച്ചൻ എന്ന സൈനികന്റെ മരണം പൊലീസ് മർദ്ദനം മൂലമാണെന്ന് മാതാവ് പരാതിപ്പെട്ടിട്ടുണ്ട്. അവർ പറഞ്ഞ കാര്യങ്ങൾ മനസ്സാക്ഷിയുള്ള ഒരാൾക്കും കേട്ടിരിക്കാൻ കഴിയില്ല. സ്റ്റേഷനിൽ ലോക്കപ്പിനകത്ത് കെട്ടിത്തൂക്കി പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു. കാലിൽ മെഴുകുതിരി ഉരുക്കിയൊഴിച്ചു. കാലിൽ ഷോക്കടിപ്പിച്ചു. ക്രൂരമായി മർദ്ദിച്ചശേഷം പഞ്ചസാര വെള്ളത്തിൽ ഉപ്പു കലക്കി നിർബന്ധമായി കുടിപ്പിച്ചു. ആ മനുഷ്യൻ ജീവിച്ചിരിക്കാൻ പാടില്ലെന്ന നിർബന്ധബുദ്ധിയോടെയാണ് പൊലീസുകാർ പെരുമാറിയത്. ഒരുവിൽ ആ സൈനികന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഒന്നും മറച്ചു വെക്കാനില്ലാത്ത ആഭ്യന്തര വകുപ്പ് ആണെങ്കിൽ ആ കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആ അമ്മയ്ക്ക് കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിടുമോയെന്നും റോജി ചോദിച്ചു. പേരൂർക്കട വ്യാജമാലമോഷണക്കേസിൽ ദലിത് യുവതി ബിന്ദു നേരിട്ട പൊലീസിന്റെ ക്രൂരപീഡനവും റോജി സഭയിൽ ഉന്നയിച്ചു.
പൊലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് പൊലീസിന്റെ ഈ അധഃപതനത്തിന് കാരണമെന്ന് റോജി എം ജോൺ എംഎൽഎ വിമർശിച്ചു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണം. അല്ലെങ്കിൽ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ഏറ്റവും കൂടുതൽ കാലം നിയന്ത്രിച്ചുവെന്ന ഖ്യാതി പി ശശിക്കും, വകുപ്പിനെ ആരോഗ്യവകുപ്പ്, വനംവകുപ്പ് എന്നിവയേക്കാൾ മോശമാക്കിയെന്നുള്ള അപഖ്യാതി മുഖ്യമന്ത്രിക്കും ലഭിക്കുമെന്നും റോജി എം ജോൺ പരിഹസിച്ചു. പൊലീസ് ക്രൂരതകളെക്കുറിച്ച് പറയുമ്പോൾ, ഇതെല്ലാം പൊലീസിനെ അപമാനിക്കാനും പൊലീസിന്റെ ആത്മവീര്യം തകർക്കാനുമാണെന്നുള്ള മുഖ്യമന്ത്രിയുടെ ക്ലിഷേ മറുപടി പറയരുതെന്നും റോജി എം ജോൺ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡി മർദ്ദനങ്ങളിൽ നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ചയാണ് അനുവദിച്ചിട്ടുള്ളത്.
