ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. കോൺഗ്രസ് അനുകൂല വോട്ടർമാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ യാഥാർഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
ഒരു വോട്ടും ഓൺലൈനായി നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് കമ്മീഷൻ വിശദീകരിക്കുന്നത്. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേൾക്കും. ഇതാണ് നടപടി എന്നും കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ 2023-ൽ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇത് വിജയിച്ചില്ല. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചു. വിഷയത്തിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
കർണാടകത്തിലെ ഒരു മണ്ഡലം ഉദാഹരിച്ചായിരുന്നു രാഹുൽ ഗാന്ധി ഇത്തവണ വോട്ട് ഡിലീറ്റേഷൻ ആക്ഷേപം ഉന്നയിച്ചത്. 2023 കർണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. കോൺഗ്രസ് വോട്ടർമാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംരക്ഷണം നൽകുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ.
