വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഇനി വില നോക്കി വാങ്ങേണ്ടി വരും. ഇന്നു മുതൽ വസ്ത്രങ്ങളുടെ ജി.എസ്.ടി നിരക്കിൽ വലിയ മാറ്റങ്ങൾ വരികയാണ്. 1000 രൂപയ്ക്കും 2500 രൂപയ്ക്കും ഇടയിലുള്ള വസ്ത്രങ്ങൾക്ക് ഇനിമുതൽ കുറഞ്ഞ ജി.എസ്.ടി നൽകിയാൽ മതി. എന്നാൽ 2500 രൂപയ്ക്ക് മുകളിൽ വിലയുള്ള വസ്ത്രങ്ങൾക്ക് ജി.എസ്.ടി കൂടും.
പുതിയ മാറ്റങ്ങൾ ഇതാ:
ഇതുവരെ 1000 രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾക്ക് 5% ജി.എസ്.ടി യും അതിനു മുകളിലുള്ളവയ്ക്ക് 12% ജി.എസ്.ടി യുമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് 2500 രൂപ വരെയുള്ള വസ്ത്രങ്ങൾക്ക് 5% ജി.എസ്.ടി മാത്രം മതി. ഇത് ഉപഭോക്താക്കൾക്ക് 7% വരെ ലാഭമുണ്ടാക്കും. അതേസമയം, 2500 രൂപയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾക്ക് 18% ജി.എസ്.ടി നൽകേണ്ടിവരും. അതായത്, 12 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് നികുതി ഉയരും. ഇത് ഉപഭോക്താക്കൾക്ക് 6% അധിക ചെലവുണ്ടാക്കും.
ഡിസ്‌കൗണ്ടുകൾക്ക് ജി.എസ്.ടി ബാധകമാകുന്നത് എങ്ങനെ ?
ഡിസ്‌കൗണ്ടുകൾക്ക് ജി.എസ്.ടി എങ്ങനെ ബാധകമാകുമെന്ന് പലർക്കും സംശയമുണ്ടാവാം. 3000 രൂപ വിലയുള്ള ഒരു ഷർട്ടിന് 599 രൂപ ഡിസ്‌കൗണ്ട് ലഭിച്ചാൽ അതിന്റെ അന്തിമ വില 2401 രൂപയാകും. ഈ സാഹചര്യത്തിൽ 5% ജി.എസ്.ടി മാത്രമേ ഈടാക്കുകയുള്ളൂ. കാരണം, ഇൻവോയ്സിൽ കാണിക്കുന്ന അന്തിമ വിലയുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കണക്കാക്കുന്നത്.
