എഐജിയുടെ സ്വകാര്യവാഹനം കാല്‍നട യാത്രക്കാനെ ഇടിച്ചതില്‍ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ നേപ്പാളുകാരനായ ഹോട്ടല്‍ തൊഴിലാളിയെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു.
പത്തനംതിട്ട എസ്പി അറിയാതെ നടന്ന ഒത്തുകളി ഇപ്പോള്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. ആഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി വിനോദ് കുമാറിന്‍റെ സ്വകാര്യവാഹനം കാല്‍നടയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ നേപ്പാള്‍ സ്വദേശി ജീവൻ ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍, എഐജിയെ സംരക്ഷിക്കാൻ വിചിത്ര നടപടിയാണ് തിരുവല്ല പൊലീസിന്‍റെ ഭാഗത്തുണ്ടായത്. വിനോദ് കുമാറിന്‍റെ സ്വകാര്യ കാർ ഓടിച്ചത് പൊലീസ് ഡ്രൈവർ തന്നെയായിരുന്നു. അയാളെ പ്രതിചേർക്കാതെ അപകടത്തില്‍ പരിക്കുപറ്റിയ കാല്‍ നടയാത്രക്കാരനെയാണ് പ്രതിയാക്കിയത്.റോഡ് അപകടങ്ങളില്‍ ഇങ്ങനെ ഒരു കേസ് ഇത് ആദ്യമാണ്. എന്തിനാണ് എഐജിക്കായി തിരുവല്ല പൊലീസ് ഒത്തുകളിച്ചതെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. പത്തനംതിട്ട എസ്പി ആർ. ആനന്ദ് അവധിയിലുള്ളപ്പോഴായിരുന്നു എഐജിയുടെ വാഹനം കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട സംഭവവും പിന്നാലെ പൊലീസിലെ ഒത്തുകളിയും നടന്നത്.