അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി; ചേളാരി സ്വദേശി ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു.

ഇനി രോഗം ബാധിച്ച്‌ കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് നിലവില്‍ 71 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ 24 പേര്‍ക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വര്‍ഷം 19 മരണമുണ്ടായതില്‍ ഒന്‍പതെണ്ണമുണ്ടായതും സെപ്റ്റംബറിലാണ്. രോഗം ബാധിച്ച്‌ നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.

കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്ബിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
Previous Post Next Post