ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്; നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പിനായി തൊടുപുഴയില്‍ എത്തിച്ചു

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയില്‍ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. പ്രതികളുടെ ഥാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ഷാജൻ സ്കറിയക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് തൊട്ടുപുറകേ, കടന്നുകളഞ്ഞ അക്രമിസംഘത്തെ, ബംഗളൂരുവില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. അതിക്രമത്തിന് നേതൃത്വം നല്‍കിയ മാത്യൂസ് കൊല്ലപ്പള്ളി, ഷിയാസ് കൊന്താലം ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. സംഘത്തിലെ അഞ്ചാമന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. നിലവില്‍ ഇവർക്കെതിരെ വധശ്രമം, സംഘംചേർന്ന് മർദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഷാജനെ ആക്രമിച്ചതിന് തൊട്ടുപുറകേ, മാത്യൂസ് കൊല്ലപ്പളളി സമൂഹ മാധ്യമങ്ങളിലിട്ട കുറിപ്പ് നിർണായകമായി. ഇതുള്‍പ്പെടെ പിന്തുടർന്നാണ് പ്രതികളെക്കുറിച്ച്‌ സൂചന കിട്ടിയത്. പ്രതികളെ മുഴുവനും ഷാജൻ സ്കറിയ തിരിച്ചറിയുകയും ചെയ്തു.

മാധ്യമത്തിലൂടെയുളള ഇടപെടലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പറ്റാത്തതിനാല്‍ കായികമായി കൈകാര്യം ചെയ്ത് തന്നെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഷാജൻ സ്കറിയയുടെ പ്രതികരണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെങ്കിലും പാർട്ടിക്ക് പങ്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഷാജൻ സ്കറിയയോട് മാത്യൂസ് കൊല്ലപ്പള്ളിക്കുള്ള വ്യക്തിവൈരാഗ്യമെന്നും സിപിഎം ജില്ലാ നേതാക്കള്‍ പറയുന്നു.
Previous Post Next Post