ശബരിമലയിലെ സ്വർണപ്പാളികളിൽ നാലര കിലോ എങ്ങനെ കുറഞ്ഞു?; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി:  ശബരിമല സന്നിധാനത്തിലെ സ്വർണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളുടെയും പീഠത്തിലെയും തൂക്കത്തിലെ കുറവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടൻ തന്നെ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.


പെട്രോളോ മറ്റോ ആണെങ്കിൽ ആവിയായി പോകാമെന്ന് വിചാരിക്കാം. എന്നാൽ സ്വർണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം നിസ്സാരമായി കാണാനാകില്ലെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ചീഫ് വിജലൻസ് ഓഫീസർക്ക് ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. ഇക്കാര്യത്തിൽ സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി നിരീക്ഷിച്ചു. 1999 ൽ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതായി രേഖകളുണ്ട്. പിന്നെ എന്തിനാണ് 2019 ൽ വീണ്ടും സ്വർണം പൊതിയാൻ കൊണ്ടുപോയതെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു.


ദ്വാരപാലക ശില്പങ്ങളും സ്വർണപ്പാളികളും പീഠവും 2019 ൽ അഴിച്ചെടുത്തപ്പോൾ 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു. ഇതിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. സ്വർണപ്പാളികൾക്ക് 25 കിലോ 400 ഗ്രാം ഭാരവും, രണ്ട് പീഠങ്ങൾക്ക് 17 കിലോ 400 ഗ്രാം ഭാരം എന്നിങ്ങനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹാജരാക്കിയ രേഖകളിലുള്ളത്. ചെന്നൈയിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വർണ്ണപ്പാളികൾ ഒന്നര മാസത്തിന് ശേഷമാണ് തിരിച്ചെത്തിക്കുന്നത്.


അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് ഇക്കാര്യത്തിൽ വിശദാംശങ്ങൾ തേടിയത്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ എത്തിക്കുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരാരും അനുഗമിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് തിരുവാഭരണം കമ്മീഷണർ തൂക്കം രേഖപ്പെടുത്തിയപ്പോഴാണ് നാലു കിലോയുടെ കുറവ് രേഖപ്പെടുത്തുന്നത്. ദ്വാരപാലകശില്പം പൊതിയാനായി രണ്ടു സെറ്റ് സ്വർണ പാളികൾ സ്‌ട്രോങ്ങ് റൂമിൽ ഉണ്ടോയെന്നും, രണ്ടാമതൊരു സെറ്റ് ഉണ്ടെങ്കിൽ അതേപ്പറ്റി കോടതിയെ അറിയിക്കാനും ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Previous Post Next Post