തിരുവനന്തപുരത്ത് ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തിരുവനന്തപുരത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് ആണ്.

തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുകളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ശക്തമായ മഴയുണ്ടായി. രണ്ടുദിവസം കൂടി മധ്യ തെക്കന്‍ ജില്ലകളില്‍ ഇത് തുടരും. ശനിയാഴ്ചയ്ക്കുശേഷം മഴ കുറയും. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യകിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച്‌ ന്യൂനമര്‍ദമാകും. തുടര്‍ന്ന് പടിഞ്ഞാറേക്ക് നീങ്ങി പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ട് 27ന് ആന്ധ്രാ തീരത്തെത്തും.
Previous Post Next Post